സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ മത്സരിക്കില്ല.ബിജെപി കേരളം ഘടകത്തിനെതിരെ നൽകിയ പരാതിയിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രൻ മത്സരിക്കില്ല.പരാതിയിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്തുദിവസം കാത്തിരിക്കും.
പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനെത്തിയ സംസ്ഥാന നേതാക്കളോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന.തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിസ്സഹകരണം ശോഭാ സുരേന്ദ്രൻ തുടരുകയാണെങ്കിൽ ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുന്നത്. ശോഭ മത്സരിച്ചില്ലെങ്കിൽ ബി.ജെ.പി. ഒറ്റക്കെട്ടല്ലെന്ന വിഷയം പൊതുവായി ഉയരും.
നിലവിൽ നിശബ്ദയായിരിക്കുന്ന ശോഭാസുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്ത് വരാനും കടുത്ത തീരുമാനമെടുക്കാനും തീരുമാനിച്ചാൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അത് വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി.രാധാകൃഷ്ണൻ ശോഭാ സുരേന്ദ്രന് നൽകിയിട്ടുളളത്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല ഇടപെടലിനായി പത്തുദിവസം കൂടി കാത്തിരിക്കുകയാണ് ശോഭയെന്ന് പുറത്തുവരുന്ന റിപ്പോർട്ടറുകൾ.
അതേസമയം പാർട്ടിയിൽ കലാപക്കൊടി ഉയർത്തി നിൽക്കുന്ന ശോഭാസുരേന്ദ്രനെ അനുനയിപ്പിക്കാൻ എ.എൻ.രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നാണ് പി.കെ.കൃഷ്ണദാസ് പക്ഷം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശോഭാസുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കുമെന്ന് കൃഷ്ണദാസ് പക്ഷം ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ പ്രതീക്ഷിക്കുന്നത് പരാതിയിൽ കേന്ദ്രത്തിന്റെ നേരിട്ടുളള ഇടപെടലാണ്.