Kerala

കോവിഡ് വാക്സീന്‍;കണ്ണൂർ പൂർണ സജ്ജം,ആദ്യ ദിവസം 900 പേർക്ക്

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സീൻ ഉടനുണ്ടാകുമെന്ന് സൂചന.21നു നല്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.ജില്ലയിൽ കോവിഡ് വാക്സീൻ വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർണമായി.ജില്ലയിൽ ആദ്യ ദിവസം 9 കേന്ദ്രങ്ങളിലായിരിക്കും കോവിഡ് വാക്സീൻ കുത്തിവയ്പ് ആരോഗ്യ പ്രവർത്തകർക്കു നൽകുന്നത്.

ജില്ലയിലെ ഓരോ കേന്ദ്രത്തിലും 100 പേർക്കു വീതം ആകെ 900 പേർക്ക് ആദ്യ ദിനം വാക്സീൻ കുത്തിവെയ്പ്പ് നടത്തും. ആരോഗ്യ വകുപ്പ് കണ്ടെത്തിയ കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാനതലത്തിലേക്കു കൈമാറിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ തുടർന്നുള്ള ദിവസങ്ങളിൽ വാക്സീൻ വിതരണത്തിനായി ജില്ലയിൽ 108 സർക്കാർ സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ, 100ൽ അധികം ആരോഗ്യ പ്രവർത്തകർ റജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും വാക്സീൻ വിതരണം നടത്തും.

ചെന്നൈയിൽ നിന്നു സംസ്ഥാനത്ത് എത്തുന്ന കോവിഡ് വാക്സീനിൽ കണ്ണൂർ ജില്ലയ്ക്ക് ആവശ്യമായതു കോഴിക്കോടുള്ള സംഭരണ കേന്ദ്രത്തിൽ നിന്നുമാണ് എത്തിക്കുന്നത്. കുത്തിവയ്പ് നൽകുന്നതിന് തലേദിവസം മാത്രമായിരിക്കും വാക്സീൻ ജില്ലയിൽ എത്തിക്കുക. ഇതിനായുള്ള വാഹനങ്ങൾ സജ്ജമാണ്.കോവി‍ഡ് വാക്സീൻ വിതരണത്തിനായി ജില്ലയിൽ ഇതിനോടകം 35,000ത്തിനടുത്ത് സിറിഞ്ചുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

കോവിഡ് വാക്സീൻ സംഭരിക്കുന്നതിനായി കക്കാട് ജില്ലാതല വാക്സീൻ സെന്ററാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്ന സ്ഥാപനം. അവിടെ നിന്നായിരിക്കും കണ്ണൂർ ജില്ലയിലെ ഓരോ കേന്ദ്രത്തിലേക്കും വാക്സീൻ എത്തിക്കുന്നത്. 35,000ത്തിനടുത്ത് സിറിഞ്ചുകളാണു കോവി‍ഡ് വാക്സീൻ കുത്തിവെപ്പിനായി ജില്ലയിൽ സജ്ജമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *