തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു .
കൂടാതെ സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നൽ കൂടുതൽ സജീവമാകാൻ സാധ്യത.