Kerala

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.അഞ്ച് ജില്ലകളിൽ നാളെയും മഴമുന്നറിയിപ്പുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നൽ കൂടുതൽ സജീവമാകാൻ സാധ്യത. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ സംസ്ഥാനത്ത് ആഴക്കടൽ മത്സ്യ ബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.

ഇത്തരത്തിലുണ്ടാകുന്ന ഇടിമിന്നലുകൾ അപകടകാരികൾ ആണ്.അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *