Kerala

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്:കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും;യോഗത്തില്‍ തീരുമാനം

പത്തനംതിട്ട:ഫെബ്രുവരി ഏഴ് മുതൽ 14 വരെ നടക്കുന്ന അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പശ്ചാത്തലത്തിൽ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താൻ വീഡിയോ കോൺഫറൻസ് മുഖേന ചേർന്ന ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പരിഷത്തിൽ പങ്കെടുക്കുന്നവർ ക്വാറൻന്റൈനിൽ കഴിഞ്ഞതിന് ശേഷമേ പരിഷത്തിന് എത്താവു. പരിഷത്ത് നഗറിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും ഉറപ്പുവരുത്തും.

നവീകരണം നടക്കുന്ന കുമ്പനാട്- ചെറുകോൽ റോഡിന്റെ നിർമാണം പരിഷത്ത് നടക്കുന്നതിന് മുമ്പായി പൂർത്തിയാക്കണമെന്ന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗത്തിന് നിർദേശം നൽകി. ശാരീക അകലം പാലിക്കുന്നതിനും മാലിന്യ നിർമാർജനത്തിനും ക്രമീകരണങ്ങൾ ഉണ്ടാകും. പരിഷത്ത് നഗറിൽ വിവിധ സ്ഥലങ്ങളിൽ സാനിറ്റൈസിംഗ് കിയോസ്‌ക്കുകളും, കൈകൾ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറിൽ മാസ്‌ക്കുകൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ സ്ഥാപിക്കും. പരിഷിത്ത് നഗറിന്റെ പരിസരത്തുള്ള കാടും, പടർപ്പുകളും, മൺപുറ്റുകളും ഉടനടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായി മേജർ ഇറിഗേഷൻ പ്രതിനിധി യോഗത്തിൽ അറിയിച്ചു.

പരിഷത്ത് നഗറിലെ താൽക്കാലിക പാലത്തിന്റെ സുരക്ഷ മേജർ ഇറിഗേഷൻ വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തും.
പരിഷത്ത് നഗറിലേക്ക് ഉൾപ്പടെയുള്ള എല്ലാ റോഡുകളും പൊതുമരാമത്ത് (നിരത്ത് വിഭാഗം)പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തും. പരിഷത്ത് നഗറിൽ ആരോഗ്യ വകുപ്പ് ഫസ്റ്റ് എയിഡ് ടീമിനെ നിയോഗിക്കും. കേരള വാട്ടർ അതോറിറ്റി പരിഷത്ത് നഗറിൽ 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. കെഎസ്ഇബി അയിരൂരും, ചെറുകോൽപ്പുഴയിലും, സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കും.

കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും. അയിരൂർ, ചെറുകോൽ ഗ്രാമപഞ്ചായത്തുകൾ പരിഷിത്ത് നഗറിന് സമീപം വഴിവിളക്കുകൾ കെഎസ്ഇബിയുമായി ചേർന്ന് പ്രവർത്തനക്ഷമമാക്കും. കൂടാതെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടപ്പാക്കുകയും, താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കുകയും, റോഡ് സൈഡിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കുകയും ചെയ്യും. പാർക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോൾ പാലനം എന്നിവയ്ക്കുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്ന് നിർദേശിച്ചു. പരിഷത്ത് നഗരിയിൽ അഗ്‌നിശമനസേനയുടെ സേവനമുണ്ടാകും. പരിഷത്ത് നഗറിലും, പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വിൽപന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികൾ എക്‌സൈസ് വകുപ്പ് സ്വീകരിക്കും.
പരിഷത്ത് നഗറിലെ പന്തലിലെ താൽക്കാലിക വൈദ്യുതീകരണ ജോലികൾ പരിശോധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉറപ്പുവരുത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയിൽ ഉണ്ടാകുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്നുള്ളത് മലിനീകരണ നിയന്ത്രണ ബോർഡ് ഉറപ്പാക്കും.

പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണയെ കോ-ഓർഡിനേറ്ററായും, റാന്നി തഹസീൽദാർ നവീൻ ബാബുവിനെ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായും നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *