Kerala

ശിഹാബ് തങ്ങൾ പുരസ്കാരം എന്‍കെ പ്രേമചന്ദ്രന് കൈമാറി

മലപ്പുറം:എടപ്പാള്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ എട്ടാമത് പുരസ്‌കാരം മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് കൈമാറി. അനീതിക്കെതിരെ ആത്മാര്‍ത്ഥമായി പോരാടുന്നവരെ സമൂഹത്തിന് മുന്നില്‍ ആദരിക്കേണ്ടത് അനിവാര്യമാണെന്നും അത്തരം അപൂവ്വം വ്യക്തികളിലൊരാണ് എൻ.കെ പ്രേമചന്ദ്രനെന്നും തങ്ങള്‍ പറഞ്ഞു.

താല്‍ക്കാലിക വിജയത്തിനു വേണ്ടി ഭരണാധികാരികള്‍ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്ന കാലഘട്ടമാണിത്. അതിനെതിരെ വിരല്‍ചൂണ്ടാന്‍ ജനപ്രതിനിധി എന്ന നിലയില്‍ ഏല്‍പിക്കപ്പെട്ടവര്‍ക്ക് സാധ്യമാവണം. രാജ്യത്തെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് പ്രേമചന്ദ്രന്‍. അത് കൊണ്ടുതന്നെയാണ് മികച്ച പാര്‍ലമന്റേറിയന്‍ എന്ന ബഹുമതി അദ്ദേത്തെ തേടിയെത്തിയത്. സമൂഹ നന്മക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുളള പുരസ്‌കാരത്തിന് എന്ത് കൊണ്ടും അര്‍ഹനാണ് എന്‍.കെ പ്രേമചന്ദ്രന്‍ എന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീയതക്കെതിരെ ശക്തമായി നിലകൊള്ളുകയും മതേതരത്വത്തിന്റെ കാവല്‍കാരനായി എല്ലാ കാലത്തും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് എന്‍.കെ പ്രമേചന്ദ്രന്‍ എന്ന് തങ്ങള്‍ കൂട്ടിചേര്‍ത്തു. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *