തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പും കാലിക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന സി.ഡി.എം.ആര്.പി.യുടെ വീട്ടില്‍ ഒരു വിദ്യാലയം പദ്ധതിക്ക് കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും രക്ഷിതാക്കള്‍ക്കായി തയ്യാറാക്കിയ മാര്‍ഗരേഖകളുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ലോക് ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍പരിശീലനം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സി.ഡി.എം.ആര്.പി.ക്ക് കീഴില്‍ വീട്ടില്‍ ഒരു വിദ്യാലയം എന്ന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ 8 മാസങ്ങളായി ഈ പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. ബുദ്ധിപരമായ വെല്ലുവിളികളുള്ള കുട്ടികളെ വീടുകളില്‍ പരിശീലനം നല്കാന് സഹായിക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണം, രക്ഷിതാക്കള്‍ക്കുള്ള പരിശീലന മാര്‍ഗരേഖകള്‍, ടെലി റിഹാബിലിറ്റേഷന്‍, ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാം മുതലായ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് വീട്ടില്‍ ഒരു വിദ്യാലയം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി കുട്ടികളുടെ ഗൃഹാന്തരീക്ഷം സുഖകരമാക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ക്ക് അറുപതോളം പരിശീലന വീഡിയോകളും രക്ഷിതാക്കള്‍ക്കുള്ള പത്തോളം മാര്‍ഗരേഖകളുമാണ് ഈ പദ്ധതിയില്‍ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സമയത്ത് ഭിന്നശേഷിക്കാരുടെ പരിചരണത്തിന് വേണ്ടി ഈ പദ്ധതി തയ്യാറാക്കിയ രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖ യുനെസ്കോ 8 ലോക ഭാഷകളിലും സ്പാനിഷ് ആംഗ്യഭാഷയിലും പ്രസിദ്ധീകരിച്ചു. സി.ഡി.എം.ആര്.പി.ക്ക് അടുത്തിടെ ഐക്യരാഷ്ട്രസഭ യുനെസ്കോ ചെയര്‍ പദവിയും ലഭിച്ചിരുന്നു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സി.ഡി.എം.ആര്.പി. എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജയന്, ജോ. ഡയറക്ടര്‍ പി.കെ. റഹീമുദ്ദീന്, മുഹമ്മദ് ഫവാസ്, മുഹമ്മദ് ശരീഫ് എന്നിവര്‍ പങ്കെടുത്തു.