Kerala

നിയമസഭാ തെരഞ്ഞെടുപ്പ്;മന്ത്രിമാർ മല്‍സരിച്ചേക്കില്ല,യുവാക്കളെ അണിനിരത്താനൊരുങ്ങി സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി രാഷ്ട്രീയപാർട്ടികൾ. തെരഞ്ഞെടുപ്പിൽ സിപിഐ മന്ത്രിമാർ ആരും മത്സരിക്കാൻ സാധ്യതയില്ല. രണ്ടുതവണ തിരഞ്ഞെടുപ്പിൽ വിജയിച്ചവർ മത്സരിക്കേണ്ടെന്ന പൊതുനയം കർശനമായി നടപ്പാക്കുകയാണെങ്കിൽ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, വിഎസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ എന്നിവർക്ക് സീറ്റ് കിട്ടുകയില്ല.

ഇവരെ കൂടാതെ എംഎൽഎമാരായ സി ദിവാകരൻ, ഇ എസ് ബിജിമോൾ, മുല്ലക്കര രത്‌നാകരൻ, ജി എസ് ജയലാൽ, ഇ കെ വിജയൻ, ഗീതാ ഗോപി, ചിറ്റയം ഗോപകുമാർ, വി ശശി എന്നിവരും ഒഴിവാക്കപ്പെട്ടേക്കും. കഴിഞ്ഞ തവണ സി ദിവാകരൻ, വി എസ് സുനിൽ കുമാർ, മുല്ലക്കര രത്‌നാകരൻ, ബിജിമോൾ എന്നിവർക്ക് രണ്ടു ടേം നിബന്ധനയിൽ ഇളവ് അനുവദിച്ചിരുന്നു.

സീനിയോറിറ്റിയും ജയസാധ്യതയും കൂടി പരിഗണിച്ച് ഈ നിബന്ധനയിൽ ഇളവ് അനുവദിക്കാറുണ്ട്. മറ്റുമന്ത്രിമാർ എംഎൽഎയായി മൂന്ന് ടേം കഴിഞ്ഞവരായതിനാൽ രണ്ട് ടേം മാത്രമിരുന്ന ഇ ചന്ദ്രശേഖരന് ഒരവസരംകൂടി ലഭിച്ചേക്കാം. മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മൽസരരംഗത്തു നിന്നും മാറിയാൽ പുതുമുഖങ്ങൾക്ക് ഏറെ അവസരങ്ങൾ ലഭിക്കും.

ഇതുവഴി യുവജനനേതാക്കൾക്കായിരിക്കും കൂടുതൽ പരിഗണന ലഭിക്കുക. എഐഎസ്എഫ്., എഐവൈഎഫ് നേതാക്കളായിരുന്ന ശുഭേഷ് സുധാകർ, ജിസ്‌മോൻ, മഹേഷ് കക്കത്ത് തുടങ്ങിയവർക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *