Kerala

തടസങ്ങൾ മാറി;കൂട്ടുപുഴ പാലം നിർമ്മാണം വീണ്ടും ആരംഭിച്ചു

കണ്ണൂർ:കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസവാദങ്ങളെ തുടർന്ന് പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്ന കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം വീണ്ടും ആരംഭിച്ചു.നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളാ- കർണ്ണാടക അതിർത്തിയിലെ ഈ പാലത്തിന്റെ നിർമാണം പുനരാരംഭിച്ചത്.

2017 ലാണ് തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ സംസ്ഥാനത്തിന്റെ ഭാഗത്തുള്ള തൂണുകളും കോൺക്രീറ്റും കഴിഞ്ഞ് പാതിവഴിയിലെത്തിയ പാലം കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം 2017 ഡിസംബർ 27 ന് നിർത്തിവയ്ക്കുകയായിരുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതത്തിന്റെ ഭാഗമായ കർണാടകയുടെ അധീനതയിലുള്ള സ്ഥലത്താണ് പാലം നിർമ്മിക്കുന്നതെന്ന് ആരോപിച്ചായിരുന്നു കർണ്ണാടക വനം വന്യജീവി വകുപ്പ് നിർമാണ പ്രവൃത്തി തടഞ്ഞത്.പലരം നിർമിക്കുന്നത് തങ്ങളുടെ അധീനതയിൽ വരുന്ന സ്ഥലമാണെന്ന കേരളാ റവന്യൂ വകുപ്പിന്റെ വാദം കർണാടക തള്ളുകയും ചെയ്തു. മാക്കൂട്ടം വനമേഖലയോടു ചേർന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും കൂടാതെ പാലം നിർമ്മാണത്തിന് മുൻകൂട്ടി തങ്ങളുടെ അനുമതി വാങ്ങിയില്ലെന്നും കാണിച്ച് കർണാടക വനംവകുപ്പ് പാലം പണി തടയുകയായിരുന്നു.

കർണ്ണാടകയുമായി നടത്തിയ ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ആറു മാസം മുൻപ് ദേശീയ വനം- വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും നിർമ്മാണത്തിനായി കർണ്ണാടക വനം വകുപ്പ് പച്ചക്കൊടി കാണിക്കയും ചെയ്തു. തുടർന്ന് സംസ്ഥാനത്തിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി കിട്ടിയത്. പാതിവരെ പൂർത്തിയാക്കിയതിനാൽ നാലുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ കഴിയുമെന്ന് കരാറുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *