തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയ കസ്റ്റംസിന് നിയമസഭ സൈക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണൻ നായർ കസ്റ്റംസിന് കത്ത് നൽകി. നിയമസഭയുടെ പരിധിയിൽ വരുന്നയാൾക്ക് നോട്ടീസ് നൽകണമെങ്കിൽ നിയമസഭ സ്പീക്കറുടെ അനുമതി ആവശ്യമെന്നും കസ്റ്റംസിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ കസ്റ്റംസ് നിയമോപദേശം തേടും.ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചത്.
ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫീസിൽ ബുധനാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു കസ്റ്റംസ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ നിയമസഭ സമ്മേളനത്തിന്റെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് കെ അയ്യപ്പൻ മറുപടി നൽകിയിരുന്നു.
ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൊച്ചിയിൽ എത്താതിരുന്നതിനെ തുടർന്നാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്.തനിക്ക് കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവർ ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ചോദ്യം ചെയ്യലിനായി പോകില്ലെന്നും അയ്യപ്പൻ പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് അയ്യപ്പന് നോട്ടീസ് നൽകിയത്.