ന്യൂഡല്‍ഹി:കേരളത്തിലെ കോവിഡ് വ്യാപന സ്ഥിതി വിലയിരുത്താനായി കേന്ദ്രസംഘം മറ്റന്നാള്‍ എത്തും.സംസ്ഥാനത്തെ ഉയര്‍ന്ന രോഗവ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എസിഡിസി മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.
കേരളത്തിൽ കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ, ഇതിലെന്തെങ്കിലും പിഴവുകളുണ്ടോ, കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സഹായങ്ങള്‍ സംസ്ഥാനത്തിന് ആവശ്യമുണ്ടോ ഇതെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘമെത്തുന്നത്.
കേരളത്തില്‍ ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 43 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.