Kerala

വിവാഹ റജിസ്ട്രേഷൻ നടപടി;വീഡിയോ കോൺഫറൻസ് അനുവദിച്ച് ഹൈക്കോടതി

വിദേശത്ത് കഴിയുന്ന ഭർത്താവിന്റെ സാന്നിധ്യം വിഡിയോ കോൺഫറൻസ് വഴി ഉറപ്പുവരുത്തി ദമ്പതികൾക്കു വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. ഭർത്താവ് ചുമതലപ്പെടുത്തുന്ന പ്രതിനിധിക്ക് ഹാജരായി സത്യവാങ്മൂലം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് ഹൈക്കോടതി നിർദേശം. അത്തരത്തിൽ ഭർത്താവ് ചുമതലപ്പെടുത്തുന്ന പ്രതിനിധിയായി മാതാപിതാക്കളിൽ ഒരാളായാൽ ഉചിതമെന്നും കോടതി നിദേശത്തിൽ വ്യക്തമാക്കുന്നു.

തൃശൂർ സ്വദേശി ശ്രീലക്ഷ്മി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹർജിക്കാരിയുടെയും ഭർത്താവിന്റെ അംഗീകൃത പ്രതിനിധിയുടെയും ഒപ്പു വാങ്ങിയാവണം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.എന്നാൽ ഭർത്താവ് റജിസ്ട്രേഷന് ഒരു വർഷത്തിനുള്ളിൽ നേരിട്ടു ഹാജരായി വിവാഹ റജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്നും അല്ലാത്തപക്ഷം വിവാഹ സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. വിഡിയോ കോൺഫറൻസിനായുള്ള ക്രമീകരണം ഹർജിക്കാരി ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

2019 ഓഗസ്റ്റിലാണ് തൃശൂർ സ്വദേശിയായ ശ്രീലക്ഷ്മിയും സനൂപും വിവാഹിതരായത്.വിവാഹവുമായി ബന്ധപ്പെട്ട് എൻഎസ്എസ് കരയോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്. ഇത് അനുസരിച്ചാണ് മാര്യേജ് റജിസ്ട്രേഷൻ ചട്ടപ്രകാരം വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് ഇരുവരും കാടുകുറ്റി പഞ്ചായത്തിൽ അപേക്ഷ സംസർപ്പിച്ചത്. പ്രാദേശിക വിവാഹ റജിസ്ട്രാർ ആ ദിവസം അവധിയിൽ ആയിരുന്നതിനാലും തുടർന്ന് അവധി ദിനങ്ങൾ ആയതിനാലും റജിസ്റ്ററിൽ ഒപ്പുവയ്ക്കാൻ ഇവർക്ക് സാധിച്ചില്ല.ഇതിനിടെ ജോലി സ്ഥലമായ ദക്ഷിണാഫ്രിക്കയിലേക്ക് സനൂപിനു പെട്ടെന്നു മടങ്ങേണ്ടി വന്നതിനാൽ റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാനും സാധിച്ചില്ല. ഇപ്പോൾ ഭാര്യയ്ക്കു ഭർത്താവിന്റെ അടുത്ത് എത്താൻ വീസ ആവശ്യത്തിനു വിവാഹ സർട്ടിഫിക്കറ്റ് വേണ്ടിവന്നപ്പോഴാണ് അധികൃതരെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *