Kerala

പാലാരിവട്ടം പാലം അഴിമതി;ജാമ്യാപേക്ഷയിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിൽ ഇളവ് തേടി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് അപേക്ഷ നൽകി. നിലവിൽ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞ് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനായിരുന്നു ഹൈക്കോടതി നിർദേശം. ഈ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യവുമായാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

തന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ഈ അവസ്ഥയിൽ ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഇബ്രാഹിംകുഞ്ഞ് പറയുന്നു. ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്നതിനാൽ ബന്ധുക്കൾക്ക് കൃത്യമായി സാന്ത്വന പരിചരണം നൽകാൻ സാധിക്കുന്നില്ലെന്നുംഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

അതേസമയം കേസില്‍ ആവശ്യമായി വന്നാൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ വേണ്ടി വന്നാൽ ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം.നിലവിൽ കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡിലാണ്.

പാലാരിവട്ടം പാലം അഴിമതി കേസിൽ നവംബർ 18 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *