Kerala

പെട്ടിമുടി ദുരന്തം;ദുരന്ത ബാധിതർക്കുള്ള സർക്കാർ സഹായധനം നാളെ കൈമാറും

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിലെ ദുരിതം പേറുന്നവർക്ക് സർക്കാർ സഹായധനം നാളെ കൈമാറും.
ആദ്യഘട്ടത്തിൽ ഉരുൾപൊട്ടലിൽ മരിച്ച 44 പേരുടെ അനന്തരാവകാശികൾക്കാണ് സഹായധനം കൈമാറുന്നത്. ദുരന്തത്തെ അതിജീവിച്ചവ‍ർക്കുള്ള വീടുകളും ഈ മാസം തന്നെ കൈമാറും.

ദുരന്തമുണ്ടായി നാല് മാസം കഴിഞ്ഞിട്ടും സർക്കാർ സഹായധനം ലഭിക്കാത്തതിനെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കി സഹായധനം കൈമാറുന്നത്.പെട്ടിമുടിയിലെ ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. ഇതിൽ 44 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആദ്യഘട്ടത്തിൽ സഹായം കൈമാറുന്നത്.
മന്ത്രി എംഎം മണി മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ വച്ച് അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും.ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു നേരത്തെ ലഭിച്ചിരുന്നു.

ഉരുൾപൊട്ടലിനെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി വീടു വച്ചുനൽകും.വീട് നിർമാണം അവസാനഘട്ടത്തിലെത്തിയെന്നും ഈ മാസം അവസാനത്തോടെ വീടുകളുടെ താക്കോൽ കൈമാറാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *