Kerala

പയ്യന്നൂരിന്റെ സമഗ്ര വികസനം ഉറപ്പാക്കും; കെവി ലളിത

കണ്ണൂർ:പയ്യന്നൂരിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുന്ന നൂതന പദ്ധതികൾ ആവിഷ‌്കരിക്കുമെന്ന് പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ വി ലളിത.കഴിഞ്ഞ ഭരണസമിതി തുടക്കം കുറിച്ച പദ്ധതികൾ പൂർത്തിയാക്കും.
സംസ്ഥാനത്തിന്റെ പൊതു മുന്നേറ്റത്തിനൊപ്പംനിന്ന‌് ജനകീയ പങ്കാളിത്തത്തോടെ നഗരസഭയിൽ സാധ്യമായതെല്ലാം ചെയ്യാൻ കഴിയുമെന്ന‌ാണ‌് കരുതുന്നതെന്ന്‌ കെ വി ലളിത പറഞ്ഞു.

നഗരസഭ പരിധിയിൽ മുഴുവൻ ആളുകൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിന‌് പദ്ധതി തയ്യാറാക്കും. വയോമിത്രം പദ്ധതിയിൽ കിടപ്പുരോഗികൾക്ക‌് വീടുകളിലെത്തി ചികിത്സ നൽകുന്നത‌് പുനരാരംഭിക്കും. കുടുബശ്രീ, വ്യവസായ﹣- വാണിജ്യ രംഗം, ആരോഗ്യം, ടൂറിസം, സാംസ‌്കാരികം, സാമൂഹ്യക്ഷേമം, കലാ ﹣- കായിക രംഗം തുടങ്ങി സമസ‌്തമേഖലകളിലും കഴിഞ്ഞ ഭരണസമിതി നടത്തിവന്ന പദ്ധതികളുടെ ചുവടുപിടിച്ച‌് പയ്യന്നൂരിന്റെ സത്വര വികസനത്തിനുള്ള കൃത്യമായ ആസൂത്രണവും മേൽനോട്ടവും നിർവഹിക്കുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

കണ്ണടച്ച‌് തുറക്കുന്ന വേഗത്തിലാണ്‌ പയ്യന്നൂരിന്റെ വികസന കുതിപ്പ‌്. എല്ലാ കൗൺസിലർമാരെയും ‌ഒപ്പം നിർത്തി നാടിന്റെ വികസനത്തിന്‌ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ‌് ഇതിന‌് ആക്കം കൂട്ടിയത്‌. കായികപ്രേമികളുടെ സ്വപ‌്നമായിരുന്ന ആധുനിക രീതിയിലുള്ള മൾട്ടി സ‌്റ്റേഡിയത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ‌്. ഈ മാസം അവസാനത്തോടെ തറക്കല്ലിടാൻ സാധിക്കും. പുതിയ ബസ്‌‌സ്‌റ്റാൻഡ്‌ നിർമാണം ഉടൻ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്‌സൺ പറഞ്ഞു.

ലൈഫ‌് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽ നിർമാണത്തിലിരിക്കുന്ന വീടുകൾ പൂർത്തീകരിക്കും. പദ്ധതിയിൽ കോറോത്ത‌് ഫ്ലാറ്റ‌് നിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന‌് ശ്രമിക്കും. പ്രധാന റോഡുകൾ മുഴുവൻ മെക്കാഡം ടാറിങ്‌ നടത്തും. നഗരസഭ നൽകിയ സ്ഥലത്ത‌് ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന മൾട്ടി പ്ലക‌്സ‌് തീയറ്റർ നിർമാണം പുരോഗമിക്കുകയാണ‌്. ഹൈസ‌്കൂൾ﹣- ഹയർസെക്കൻഡറി സ‌്കൂളുകളിൽ നൂറുശതമാനം വിജയം ഉറപ്പാക്കാൻ “വിഷൻ 2025′, പ്രീ പ്രൈമറി സ‌്കൂളുകളിൽ “പഠന പൂന്തോപ്പ‌്’ തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും കെ വി ലളിത വ്യക്തമാക്കി.

2010 –-15 വർഷത്തിൽ നഗരസഭയുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന കെ വി ലളിതക്ക‌് പയ്യന്നൂരിന്റെ വികസനത്തെ കുറിച്ച‌് വ്യക്തമായ കാഴ‌്ചപ്പാടുകളാണുള്ളത്.അതിന്റെ അനുഭവസമ്പത്തുമായാണ‌് അഞ്ച‌് വർഷങ്ങൾക്ക‌് ശേഷവും ലളിതയെ വീണ്ടും നഗരസഭയുടെ അധ്യക്ഷയായിരിക്കുന്നത് ‌.

Leave a Reply

Your email address will not be published. Required fields are marked *