Kerala

വാക്സിൻ വിതരണത്തിനായി തയ്യാറെടുത്ത് സംസ്ഥാനം;14 ലക്ഷം സിറിഞ്ച് തലസ്ഥാനത്ത് എത്തി

കോവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ തയാറായി കേരളം.അതിന്‍റെ അവസാനഘട്ട ഒരുക്കത്തിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട റിഹേഴ്സല്‍ സംസ്ഥാനത്ത് തുടരുകയാണ്. അതിനിടെ കോവിഡ് വാക്സീന്‍ വിതരണത്തിലുള്ള 14 ലക്ഷം സിറിഞ്ചുകള്‍ കേരളത്തിലെത്തി.ചെന്നൈയില്‍ നിന്നാണ് ആദ്യഘട്ട സിറിഞ്ചുകള്‍ എത്തിച്ചിരിക്കുന്നത്. തലസ്ഥാനത്തെ കോവി‍ഡ‍് വാക്സീന്‍ റീജണല്‍ സ്റ്റോറില്‍ സിറിഞ്ചുകള്‍ സൂക്ഷിക്കും.ആവശ്യങ്ങൾ അനുസരിച്ച് മറ്റു ജില്ലകളില്‍ വിതരണം നടത്തും.സംസ്ഥാനത്ത് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഡ്രൈ റണ്‍ നടക്കുന്നത്.തിരുവനന്തപുരം (കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രി-പേരൂര്‍ക്കട, കിംസ് ആശുപത്രി), ഇടുക്കി (വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം), പാലക്കാട് (നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം), വയനാട് (കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റണ്‍ നടക്കുന്ന ആശുപത്രികള്‍. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.

അതേസമയം,വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തിന് മുൻഗണന ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.രോഗവ്യാപനം തടഞ്ഞുനിർത്താൻ കഴിഞ്ഞ സംസ്ഥാനമെന്ന നിലയിൽ ആദ്യഘട്ടത്തിൽ വാക്സിൻ കേരളത്തിൽ വിപുലമായി എത്തിച്ച് വിതരണം ചെയ്യുന്നത് രോഗവ്യാപനം തടയുന്നതിൽ വളരെ ഫലപ്രദമായി മാറുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വാക്സിൻ എത്തും എന്ന തരത്തിൽ വേഗത്തിലാണ് കാര്യങ്ങൾ നടക്കുന്നത്.സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്യുന്നത്തിന് എല്ലാ സംവിധാനങ്ങളും തയ്യാറാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.’

Leave a Reply

Your email address will not be published. Required fields are marked *