Kerala

കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്‌ഷനുകൾ വിച്ഛേദിക്കും;നടപടിക്കൊരുങ്ങി കെഎസ്ഇബിയും ജല അതോറിറ്റിയും

സംസ്ഥാനത്ത് കുടിശ്ശിക വരുത്തിയ വൈദ്യുതി, കുടിവെള്ള കണക്‌ഷനുകൾ വിച്ഛേദിക്കുന്ന നടപടി പുനരാരംഭിക്കാൻ തീരുമാനം. കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയെത്തുടർന്ന് കുടിശ്ശിക പിരിക്കൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് കുടിശ്ശിക വരുത്തിയവരുടെ കണക്‌ഷനുകൾ എട്ടുമാസമായി വിച്ഛേദിച്ചിരുന്നില്ല.

കെഎസ്ഇബിക്ക് ഡിസംബർ പകുതിവരെ മാത്രം 800 ഓളം കോടി രൂപ കിട്ടാനുള്ളത്. ജലഅതോറിറ്റിക്ക് 489.36 കോടി പിരിഞ്ഞുകിട്ടേണ്ട സമയത്ത് 263.64 കോടി മാത്രമാണ് ഇതിനോടകം ലഭിച്ചത്.ബോർഡുകൾ നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഇത് ആത്യാവശ്യമെന്ന് കാട്ടിയാണ് കുടിശ്ശികപ്പിരിവ് ഊർജിതമാക്കാൻ നിർദേശം നൽകിയത്.

ഒറ്റ തവണയായി വലിയ തുകകൾ അടയ്ക്കാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ തവണകളായി അടയ്‌ക്കാനുള്ള സൗകര്യം ഏർപ്പാടാക്കുമെന്ന് വൈദ്യുതിബോർഡ് നിർദേശിച്ചിട്ടുണ്ട്. ഗാർഹികം, ലോ ടെൻഷൻ ഹൈടെൻഷൻ, എക്സ്‌ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കെല്ലാം കണക്‌ഷൻ വിച്ഛേദിക്കൽ ബാധകമാണ്.കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ടിരിക്കുന്നതിനാൽ തീയേറ്ററുകൾക്ക് വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിന് 31 വരെ ഇളവ് അനുവദിക്കും.

തുടക്കമെന്ന നിലയിൽ ആറുമാസത്തിൽ അതികം കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്‌ഷനുകൾ വിച്ഛേദിക്കാനാണ് ജല അതോറിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ഗാർഹികേതര കണക്‌ഷനുകൾക്കായിരിക്കും മുൻഗണന നൽകുക. കൊറോണയ്ക്ക് മുമ്പ് വിച്ഛേദിച്ച കണക്‌ഷനുകളുടെ കുടിശ്ശിക പിരിക്കുന്നതും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതും റവന്യൂ റിക്കവറി നടപടികളും പുനരാരംഭിക്കണമെന്നും
ജല അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *