Kerala

ശുചീകരണത്തിനും നഗരസൗന്ദര്യത്തിനും പ്രഥമപരിഗണ നല്‍കും; മേയർ അഡ്വ ടിഒ മോഹനന്‍

കണ്ണൂരിൽ നഗര ശുചീകരണത്തിനും നഗരസൗന്ദര്യവല്‍ക്കരണത്തിനും പ്രഥമപരിഗണ നല്‍കുമെന്ന് മേയര്‍ അഡ്വ. ടി.ഒ മോഹനന്‍. കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം നിര്‍മാണ പ്രവൃത്തി രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കാനും പുതുതായി ചുമതലയേറ്റ ഭരണസമിതി ലക്ഷ്യമിട്ടിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ ഫണ്ട് 24.56 കോടി രൂപ അനുവദിച്ചതാണ്. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയും മറ്റ് വകുപ്പ് മന്ത്രിമാരുമായി സംസാരിച്ച് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും.കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംവദിക്കുകയായിയരുന്നു മേയര്‍.

കണ്ണൂരിലിപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നുമായി മൂന്ന് ലക്ഷത്തോളം ആളുകള്‍ വന്ന് പോകുന്നുണ്ട്. ഇതേത്തുടര്‍ന്നുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് അവരോടൊപ്പം വികസന കാര്യങ്ങളില്‍ ചേര്‍ന്ന് പ്രവൃത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്നെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് എല്‍.ഡി.എഫ് കാണിച്ചത്. കോര്‍പറേഷന്‍ ഭരണം രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ലീഗിന് വിട്ടുനല്‍കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉത്തരവാദിത്തപെട്ട പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അനുസരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ ഷബീനയും മേയര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ഹാരീസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ ടി.കെ.എ ഖാദര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *