Kerala Special

‘തണുപ്പകറ്റാൻ ചെറുത് ഒരെണ്ണം അടിച്ചാലോ?’ എന്ന് ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

കൊച്ചി:തണുപ്പ് കൂടുമ്പോ അതിനെ ചെറുക്കാനായി ചെറുത് ഒരെണ്ണം വീശിയാൽ ഒരിത് വരൂ എന്ന് കരുതുന്നവരോടാണ്. അതിൽ വല്യ കാര്യം ഒന്നൂല്ലാന്ന് മാത്രമല്ല, വടക്കേ ഇന്ത്യയിൽ അതിശൈത്യത്തിൽ നിന്ന് രക്ഷ തേടാൻ മദ്യത്തെ കൂട്ട് പിടിക്കരുത് എന്ന് കൂടി നിർദേശവുമായെത്തിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ പിന്നിലുള്ള കാര്യമെന്തെന്നോ?

തണുപ്പ് സമയത്ത് മദ്യം അകത്തു ചെല്ലുമ്പോൾ തോന്നുന്ന ആ ചൂടും പുകയും സത്യത്തിൽ ആൽക്കഹോൾ ശരീരത്തിന്റെ ഉപരിതലത്തിലെ രക്തക്കുഴലുകൾ വികസിപ്പിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണെന്ന് ഡോ. ഷിംന അസീസ് ഫേസ് ബുക്ക് പോസ്റ്റിളുടെ വ്യക്തമാക്കുന്നു.

ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തണുപ്പ് കൂടുമ്പോ അതിനെ തോൽപ്പിക്കാൻ വീര്യം കൂടിയ ചെറുത് ഒരെണ്ണം അടിച്ചാലേ ഒരിത് വരൂ എന്ന് കരുതുന്നവരോടാണ്. അതിൽ വല്യ കാര്യം ഒന്നൂല്ലാന്ന് മാത്രമല്ല, ഉത്തരേന്ത്യയിലെ അതിശൈത്യത്തിൽ നിന്ന് രക്ഷ തേടാൻ മദ്യത്തെ കൂട്ട് പിടിക്കരുത് എന്ന് കൂടി നിർദേശമിറക്കിയിരിക്കുന്നു കാലാവസ്ഥാ വകുപ്പ്. ങേ, ഇതെന്തു കോപ്പ് എന്നാണോ? ആ ഗ്ലാസ് അവിടെങ്ങാൻ വെച്ചിട്ട് ഇവിടെ കമോൺ, കുറച്ചു ശാസ്ത്രം പറയാനുണ്ട്.
തണുപ്പത്ത് മദ്യം അകത്തു ചെല്ലുമ്പോൾ തോന്നുന്ന ആ ചൂടും പുകയും സത്യത്തിൽ ആൽകഹോൾ ശരീരത്തിന്റെ ഉപരിതലത്തിലെ രക്തക്കുഴലുകൾ വികസിപ്പിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. ഞങ്ങൾ ഡോക്ടർമാരുടെ ഭാഷയിൽ ഇതിനു വാസോഡൈലേഷൻ എന്ന് പറയും. അതായത് ഈ കുടിച്ച സാധനം ശരീരത്തിനകത്തെ ചൂടെടുത്തു കൊണ്ട് പോയി പുറം ചൂട് പിടിപ്പിക്കും, ചിലർ വിയർക്കുക പോലും ചെയ്യും.

ഈ ചൂട് കണ്ട് ആവേശഭരിതരായി തണുപ്പത് ഇറങ്ങിയാൽ തൊലിയിലൂടെ കടുത്ത രീതിയിൽ ശരീരത്തിലെ ചൂട് പുറമേക്ക് നഷ്ടപ്പെട്ടു പോയി ഹൈപ്പോതെർമിയ എന്ന അവസ്ഥ വരാം. ആദ്യഘട്ടത്തിൽ വിറയലിൽ തുടങ്ങുന്ന ഈ സംഗതി പിന്നെ ബോധം നഷ്ടപ്പെടുന്നതിലേക്കോ മരണത്തിലേക്കോ വരെ എത്തിപ്പെടാം. പോരാത്തതിന് വെള്ളമടിച്ച വകയായി കിട്ടുന്ന അന്തക്കേട് കൊണ്ട് പുറത്തിറങ്ങി നടന്നുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളുടെ നീണ്ട നിരയും ചേർത്ത് വായിക്കണം. അറിയാമല്ലോ, മദ്യം തലച്ചോറിന്റെ പ്രവർത്തനത്തെ കുളമാക്കി കൈയിൽ തരുന്ന വകയായി കിട്ടുന്ന സാഹസികതയും എടുത്തു ചാട്ടവും തെറ്റായ തീരുമാനങ്ങളും നഷ്ടപ്പെടുത്തിയിട്ടുള്ള ജീവനുകൾക്കും നശിപ്പിച്ച ജീവിതങ്ങൾക്കും കൈയും കണക്കുമില്ല.

അപ്പോൾ, കുറച്ചു മദ്യം ഹാർട്ടിന് നല്ലതല്ലേ ഡോക്ടറെ എന്ന് ചോദിക്കാൻ മുട്ടുന്നുണ്ടോ? വളരെ ചെറിയ അളവിൽ ചില ഉപകാരങ്ങൾ ഉണ്ടോന്നു സംശയം ഉണ്ടെന്നല്ലാതെ ഇന്നും അത് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന സ്ഥിതിയല്ല. ഇനി അഥവാ, നിങ്ങൾ ആ പേരിൽ വല്ല ലേഖനവും പൊക്കി പിടിച്ചോണ്ട് വന്നാൽ എനിക്ക് തിരിച്ചു ചിലത് ചോദിക്കാനുണ്ട്. വളരെ നിയന്ത്രിതമായ അളവിൽ ആൽക്കഹോൾ കഴിക്കുന്നതിനെ കുറിച്ചാണല്ലോ അവയെല്ലാം പറയുന്നത്. മട മടാന്നു കുടിക്കാനല്ലാതെ ഈ രീതിയിൽ കുടിക്കുന്നതല്ലല്ലോ ഇവിടെ ചുറ്റും കാണുന്നത്.

കുടിക്കുന്നവർക്ക് കരൾ അർബുദം, കരൾ രോഗം, അൾസർ, ഹൃദ്രോഗം, അമിത രക്തസമ്മർദം എന്ന് തുടങ്ങി ഏറെ രോഗങ്ങൾക്കുള്ള സാധ്യത വണ്ടി പിടിച്ചു വരും. എന്നാൽ പിന്നെ കുടിക്കാണ്ടിരുന്നൂടെ?
ഈ സാധനത്തിന്റെ കൂടെ കഴിക്കുന്ന ടച്ചിങ്ങ്‌സ്, കഴിച്ചാൽ പോകുന്ന വീട്ടിലെ മനസ്സമാധാനം തുടങ്ങി ഇതിന്റെ കൂടെ വരുന്ന ദുരിതങ്ങൾ വേറേം കുറെ ഉണ്ട്. ഇത്രേമൊക്കെ വില കൽപ്പിക്കാനുണ്ടോ ഒരു ലഹരിക്ക്?
എപ്പോ കുടിച്ചാലും ഇതൊക്കെ തന്നെ സ്ഥിതി. തണുപ്പത് കുടിച്ചാലോ? ഒരു താൽക്കാലിക സുഖമൊക്കെ തോന്നിയേക്കും, പക്ഷെ ഹൈപ്പോതെർമിയ വരും ഹൈപ്പോ തെർമിയ. നമുക്ക് വല്ല കട്ടൻ കാപ്പിയോ കപ്പ വേവിച്ചതോ ഒക്കെ കഴിച്ച് ഹാപ്പിയായി ഇരിക്കരുതോ?

അപ്പോ ന്യൂ ഇയർ പ്രമാണിച്ച് പുറത്തേക്ക് ആനയിക്കാനിരുന്ന ആ കുപ്പിയെ തിരിച്ച് ഷെൽഫിലേക്ക് തന്നെ വെച്ചോളൂ… അതവിടെയെങ്ങാനും ഒരു ഭംഗിക്ക് ഇരുന്നോട്ടെന്നേ.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *