Kerala

സ്‌നേഹ ബഹുമാനങ്ങളുടെ പരേഡ് ഏറ്റുവാങ്ങി ജില്ലാപോലീസ് മേധാവി പടിയിറങ്ങി

നീണ്ട 36 വര്‍ഷത്തെ സേവനം സ്തുത്യര്‍ഹമായ നിലയ്ക്ക് പൂര്‍ത്തിയാക്കി ജില്ലാ പോലീസ് മേധാവിയായ ശ്രീ കെ.ജി. സൈമണ്‍ പോലീസ് കുടുംബത്തില്‍നിന്നും പടിയിറങ്ങി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന്(ഡിസംബര്‍ 31) രാവിലെ എട്ടിന് നടന്ന ആകര്‍ഷകമായ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച അദ്ദേഹം വിടവാങ്ങല്‍ പ്രസംഗം നടത്തി. സര്‍വീസില്‍ ഉടനീളം ചരിത്രപരമായ നേട്ടങ്ങള്‍ സ്വന്തമാക്കി തികച്ചും വ്യത്യസ്തനായി മാറി സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലും, കീഴുദ്യോഗസ്ഥരിലും ഒരേപോലെ സ്വാധീനം ചെലുത്തിയ ശ്രീ കെ.ജി.സൈമണ്‍ ഇനി വിശ്രമജീവിതത്തിലേയ്ക്ക്.

കേസുകളുടെ അന്വേഷണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, മികച്ചതും വ്യത്യസ്തവുമായ മാതൃകകള്‍ മറ്റുള്ളവര്‍ക്ക് സമ്മാനിക്കുകയും ചെയ്താണ് അദ്ദേഹം യൂണിഫോം അഴിച്ചുവയ്ക്കുന്നത്. ആര്‍ജിച്ചെടുത്ത അറിവുകളും അനുഭവങ്ങളും സേനയ്ക്കും സമൂഹത്തിനും സംഭാവന ചെയ്യാന്‍ ഇനിയും സന്നദ്ധനാണെന്നും, ആര്‍ക്കും എപ്പോഴും സമീപിക്കുകയോ ബന്ധപ്പെടുകയോ ആവാമെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളിലെ സര്‍ക്കാറുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കേസ് അന്വേഷണത്തിലും മറ്റും നല്‍കിയ എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിനും എന്നും നന്ദിയുണ്ടാകുമെന്നും, നല്‍കിയ ആദരവുകളെല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാപോലീസിലെ വിവിധ തുറകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിവിധ റാങ്കിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റും സല്‍സേവനപത്രം അദ്ദേഹം സമ്മാനിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ അദ്ദേഹം ജില്ലാപോലീസ് മേധാവിയുടെ പദവി ഒഴിഞ്ഞു. തുടര്‍ന്ന് ജില്ലാപോലീസ് ഓഫീസിലെ ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉപചാരവും ഏറ്റുവാങ്ങി തൊടുപുഴയിലെ സ്വവസതിയിലേക്ക് തിരിച്ചു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *