Kerala

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്; ലീഗിലെ പൊട്ടിത്തെറിയിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു

യുഡിഎഫിന് ഭരണം ലഭിച്ച കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ നേതൃത്വത്തിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാനായി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായേക്കും.കോർപറേഷനിലെ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവിയെയും ജില്ലാ നേതാക്കളെയും വഴിയിൽ തടഞ്ഞും വെച്ചതും കൂടാതെ ജില്ലാ അധ്യക്ഷൻ പി. കുഞ്ഞിമുഹമ്മദിന്റെ കാറിൽ കരിങ്കൊടി കെട്ടിയുമായിരുന്നു പ്രാദേശിക പ്രവർത്തകരുടെ പ്രതിഷേധം.

ലീഗ് ജില്ലാ നേതൃത്വത്തെ മാറ്റിയാൽ മാത്രമെ തങ്ങൾ ചർച്ചയ്ക്കുള്ളൂ എന്ന നിലപാട് ഒരു വിഭാഗം പ്രദേശിക നേതാക്കൾ സ്വീകരിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായിരിക്കയാണ്. നേതൃമാറ്റത്തിൽ കുറഞ്ഞ ഒരു ഉപാധിയും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഇതിനകം തന്നെ ജില്ലയിലെ ചില നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

അതേസമയം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ കണ്ണൂർ ജില്ലയിൽ നടത്തിയ പ്രതിഷേധം സംസ്ഥാന നേതൃത്വം വളരെ ഗൗരവത്തിലാണ് കാണുന്നത്.

ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തായത്തെരുവിൽ നിന്നു ജയിച്ച് വന്ന ഷമീമ ഇസ്ലാഹിയയുടെയും താണ ഡിവിഷനിൽ നിന്ന് വിജയിച്ച കെ. ഷബീനയുടെയും പേരുകൾ ഉയർന്നുവന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെ കണ്ടെത്തുന്നതിനായി ലീഗ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ കോർപറേഷൻ സമിതി യോഗം വിളിച്ചിരുന്നു. എന്നാൽ ജില്ലയിൽ നിന്നുള്ള ഒരു സംസ്ഥാന നേതാവും ജില്ലാ ഭാരവാഹികളും ഇടപെട്ട് ഈ യോഗം റദ്ദാക്കുകയും പിന്നീട് ജില്ലാ പ്രസിഡന്റുൾപ്പെടെയുള്ളവർ ഏകപക്ഷീയമായി ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി കെ. ഷബീനയെ പ്രഖ്യാപിച്ചുവെന്നുമാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *