Kerala

പതിവുതെറ്റിച്ചു പെയ്ത മഴ സംസ്ഥാനത്ത് രണ്ടാഴ്ച വരെ തുടര്‍ന്നേക്കും;കടലാക്രമണത്തിനും സാധ്യത

അപ്രതീക്ഷിതമായി പെയ്ത മഴയുടെ അകമ്പടിയോടെയാണ് 2020 വർഷം കടന്നുപോയത്. ഈ മഴ രണ്ടാഴ്ച വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്തേക്കും. വടക്കൻ ജില്ലകളേക്കാൾ കൂടുതൽ തെക്കൻ പ്രദേശത്തായിരിക്കും വരുംദിവസം മഴ ഉണ്ടാവുകയെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു.

സംസ്ഥാനത്ത് ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ട്. 1.8 മീറ്റർ വരെ തിര ഉയരാമെന്നതിനാൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ കടൽ കയറാനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി എത്തിയ മഴ കൃഷിമേഖലയിൽ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കാലവർഷത്തിന്റെ അവസാന ദിവസങ്ങളിലും ന്യൂനമർദവും തുടർന്ന് ചുഴലിക്കാറ്റും തുടർച്ചയായി എത്തിയതോടെ കേരളത്തിൽ ഇത്തവണ തുലാവർഷം വൈകുകയും മഴ കുറയുകയും ചെയ്തു. തുലാവർഷം വൈകിയതേ‍ാടെ മഴമേഘങ്ങൾ പൂർണമായി ഒഴിഞ്ഞുപേ‍ാകാത്ത സ്ഥിതിയുണ്ടായി. ഇതേ‍ാടെ‍ാപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പേ‍ാഴത്തെ മഴയ്ക്ക് കാരണമാകുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *