Kerala

മകരവിളക്ക്; ശബരിമല ക്ഷേത്ര നട തുറന്നു, ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു.തന്ത്രി കണ്ഠരര് രാജീവരാണ് ക്ഷേത്രനട തുറന്നത്. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രിയാണ് പൂജകള്‍ ചെയ്യുന്നത്. മാളികപ്പുറം മേല്‍ശാന്തി എം എന്‍ റെജികുമാര്‍ നടയുടെ താക്കോൽ തന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി മാളികപ്പുറം ക്ഷേത്ര നട തുറന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് തീർത്ഥാടകർക്ക് ദര്‍ശനം സാധ്യമാകുന്നത്.

വെര്‍ച്വല്‍ ക്യൂ മുഖേന ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ദര്‍ശനം.തീർത്ഥാടകർക്കും ജീവനക്കാർക്കും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.ഇന്ന് രാവിലെ മുതൽ നിലയ്ക്കൽ നിന്ന് തീർത്ഥാടകരെ കടത്തിവിട്ടു തുടങ്ങി. മകരവിളക്ക് കാലത്തെ നെയ്യഭിഷേകവും പൂജകളും നാളെ രാവിലെ മുതൽ ആരംഭിക്കും. പ്രതിദിനം 5000 ഭക്തർക്കാണ് പ്രവേശനാനുമതി. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് 28 മുതൽ ആരംഭിച്ചിരുന്നു.

ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവർക്കും 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായി കയ്യിൽ കരുതണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും കടത്തി വിടുകയുള്ളൂ.

നിലയ്ക്കലോ പമ്പയിലോ ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. തീർത്ഥാടകർ പുറത്തുനിന്നും ടെസ്റ്റ് ചെയ്ത് എത്തണം.ജനുവരി 14നാണ് മകരവിളക്ക്. 19 വരെയാണ് തീർത്ഥാടകർക്ക് ദർശനം ഉണ്ടാകുക. 20ന് രാവിലെ 6.30ന് ശബരിമല ക്ഷേത്ര നട അടയ്ക്കും.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

Leave a Reply

Your email address will not be published. Required fields are marked *