കൊറോണ കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകൾ കെഎസ്ആർടിസി ഉടൻ കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. യാത്രക്കാരുടെ എണ്ണം വർധിച്ചത് കൊണ്ട് മാത്രം നിരക്ക് കുറയ്ക്കാനുളള പശ്ചാത്തലം രൂപപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ കാലത്ത് തുടങ്ങിയ സ്പെഷ്യൽ സർവീസുകളിൽ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു.
കൊറോണ വ്യാപനം കുറഞ്ഞ് ബസുകളിൽ തിരക്കേറിയ പശ്ചാത്തലത്തിൽ നിരക്ക് കുറയ്ക്കാനുളള ശുപാർശ കെ എസ് ആർ ടി സി മുന്നോട്ട് വച്ചത്. എന്നാൽ നിരക്ക് കുറയ്ക്കാനുള്ള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പഴയ നിരക്ക് പുനസ്ഥാപിച്ചാൽ സ്വകാര്യ ബസ് സമരമുൾപ്പടെയുളള പ്രതിഷേധവും സംസ്ഥാന സർക്കാർ കണക്കിലെടുക്കുന്നുണ്ട്.
ബസ് നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിനായി ശുപാർശ നൽകട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ദീർഘദൂര സർവീസുകളിൽ ആളുകൾ കൂടിയിട്ടുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാനുളള വരുമാന വർദ്ധനവ് കെ എസ് ആർ ടി സിക്ക് ഉണ്ടായിട്ടില്ല. ഇന്ധന വില വർദ്ധന കണക്കാക്കി കൊറോണ കാലത്ത് ഏർപ്പെടുത്തിയ നിരക്ക് ഭാവിയിലും ചെറിയ മാറ്റം വരുത്തി നിലനിർത്തുന്നതാകും സർക്കാരിന്റെ തീരുമാനം. നിരക്ക് പരിഷ്കരണത്തിനായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് പുതിയ റിപ്പോർട്ട് തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56