Kerala

മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്;ട്രാഫിക് കുരുക്ക് പതിവാകുന്നു

വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് തിരക്കിൽ വൻ വർദ്ധനവ്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിലും കൂട്ടത്തോടെ സഞ്ചാരികള്‍ മൂന്നാറില്‍ എത്തുകയാണ്.സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ മൂന്നാറില്‍ ട്രാഫിക് കുരുക്കും പതിവായി. മൂന്നാര്‍ ടൗണിലും മറ്റുമായി ഒരു മണിക്കൂര്‍ യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ എടുക്കുന്നത് നാല് മണിക്കൂറാണ്.സഞ്ചാരികൾ വർധിച്ചതോടെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗിയുമായിപോയ ആംബുലന്‍സും ട്രാഫിക്ക് കുരുക്കില്‍ അകപ്പെട്ടു.

കൊറോണ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അയഞ്ഞതാണ് മൂന്നാറിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്കിന് കാരണമായത്. മൂന്നാറിലെ ഹോട്ടലുകള്‍ ഹോം സ്റ്റേകള്‍ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഏഴുവരെ മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ മുറികള്‍ അനുവദിക്കുന്നോള്ളൂ. നേര്യമംഗലം മുതല്‍ മൂന്നാര്‍വരെയുള്ള ദേശീയപാതകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ഇപ്പോൾ ഉള്ളത്.

മുന്നാറിലെ പ്രധാന വിനോദസഞ്ചാരമേഖലയായ രാജമല, ടോപ്പ് സ്റ്റേഷന്‍, മാട്ടുപ്പെട്ടി, എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല . ട്രാഫിക്ക് കുരുക്ക് വര്‍ദ്ധിച്ചതോടെ പലരും പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ നേത്യത്വത്തില്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തത് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *