Kerala

സംസ്ഥാനത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ല;പിണറായിക്ക് മറുപടിയുമായി കെപിഎ മജീദ്

കൊലപാതക രാഷ്ട്രീയം മുസ്‍ലിം ലീഗിന്‍റെ നയമല്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗിന്റെ ദൗത്യവും നിയോഗവും മനസിലാക്കി ഈ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തുള്ളത്.അക്രമ രാഷ്ട്രീയത്തിനുമെതിരെയും വർഗീയതയ്ക്കെതിരെയും എന്നും നിലപാട് സ്വീകരിച്ച പാർട്ടിയാണ് ലീഗ്. ഈ നിലപാടിനെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ അവർ പിന്നെ പാർട്ടിയിലുണ്ടാവില്ല.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്‍ലിം ലീഗിനെ അടച്ചാക്ഷേപിക്കാൻ ആര് ശ്രമിച്ചാലും അത് സംസ്ഥാനത്ത് വിലപ്പോകില്ല. ലീഗിനെ ലക്ഷ്യമിടുന്ന സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ദുഷ്ടലാക്ക് ജനം മനസിലാക്കും. കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രി പിണറായി വിജയൻ ആരും നൽകിയിട്ടില്ലെന്നും മജീദ് പറഞ്ഞു.

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ വ്യക്തിയെ പൊലീസ് റിപ്പോർട്ട് വന്ന ഉടൻ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ദാരുണമായ ആ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം ആവശ്യമാണ്. നാടിന്റെ പുരോഗതിക്ക് വേണ്ടത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമാണ്. സമുദായത്തിനകത്തും പുറത്തും സൗഹൃദവും നാട്ടിൽ സമാധാനവുമാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതെന്ന് മജീദ് പറഞ്ഞു. ലീഗിന്റെ ചരിത്രവും സ്വഭാവവും അതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവണതയും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട അബ്ദുറഹ്‌മാൻ ഔഫിന്‍റെ വീട് സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത് ഈ സന്ദേശം തന്നെയാണെന്നും കെപിഎ മജീദ് വ്യക്തമാക്കി.

ആക്രമണങ്ങൾ നടത്തുന്നവരെ സംരക്ഷിക്കലും കൊലക്കേസ് പ്രതികളായ പാർട്ടിക്കാർക്ക് വേണ്ടി കേസ് വാദിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിക്കുന്നതുമൊക്കെ ആരുടെ പണിയാണെന്ന് ഇവിടെ എല്ലാവർക്കുമറിയാം. നാട്ടിൽ സമാധാനം പുലരുന്നതിന് ലീഗ് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പാർട്ടിയെ അടച്ചാക്ഷേപിക്കാൻ ആര് ശ്രമിച്ചാലും അത് സംസ്ഥാനത്ത് വിലപ്പോകില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും അംഗീകാരവും നേടിയാണ് ലീഗ് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെ കാലമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കേരളം അകറ്റി നിർത്തുന്ന എസ്.ഡി.പി.ഐക്കാരെയും ബി.ജെ.പിക്കാരെയും നാലു വോട്ടിന് വേണ്ടി കൂടെ നിർത്താൻ ഒരു മടിയും കാണിക്കാത്തവർ സി.പി.എമ്മിലാണുള്ളത്. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, തികഞ്ഞ വർഗീയ മുതലെടുപ്പിനു വേണ്ടി ഒരു രാഷ്ട്രീയ മര്യാദയും പാലിക്കാതെയാണ് മുഖ്യമന്ത്രി ലീഗിനെതിരെ തിരിഞ്ഞതെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *