Kerala

സ്വപ്‌നയുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെ അനുവദിക്കില്ല;ജയിൽ ഡിജിപിയുടെ സര്‍ക്കുലര്‍

സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കി ജയില്‍ വകുപ്പ്.നിലവിലെ ജയില്‍ നിയമം അനുസരിച്ച് സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കി.

സാധാരണ നിലയിൽ കോഫെ പോസെ തടവുകരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്.സ്വപ്‌ന സുരേഷിനെ കോഫെപോസെ തടവുകാരിയായാണ് അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതനുസരിച്ച് കഴിഞ്ഞ ദിവസംവരെ സ്വപ്‌ന സുരേഷിന്റെ ബന്ധുക്കളടക്കമുള്ള സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ തിരിച്ചയച്ചു. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജയില്‍ അധികൃതരുടെ നടപടി. കോഫെപോസെ നിയമത്തില്‍ സംസ്ഥാനത്തിന്റെ ചട്ടം അനുസരിച്ച് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കോഫെപോസെ തടവുകാര്‍ക്കും സാധാരണ ജയില്‍ നിയമമാണ് ബാധകമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഈ സര്‍ക്കുലര്‍ അട്ടക്കുളങ്ങര ജയിലിനും പൂജപ്പുര സെന്‍ട്രല്‍ ജയിലിനും കൈമാറിയിട്ടുണ്ട്.

എന്നാല്‍,ജയില്‍ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്നാണ് കസ്റ്റംസ് ചൂണ്ടികാണിക്കുന്നു.ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന് കസ്റ്റംസ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *