Kerala

മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല;ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

മണ്ഡല പൂജക്കൊരുങ്ങി സന്നിധാനം.തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ ഡിസംബര്‍ 26ന് നടക്കും. മണ്ഡല പൂജയോടെ ഈ വര്‍ഷത്തെ മണ്ഡല കാലത്തിന് സമാപനമാകും.ഈ മാസം 25ന് അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷ യാത്ര വൈകീട്ടാണ് സന്നിദാനത്തെത്തുക.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, ബോര്‍ഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും

ചടങ്ങുകള്‍ നടക്കുന്നത് പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ എത്തുന്ന തങ്ക അങ്കി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. തുടർന്ന് 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും ഉണ്ട്. രാത്രി 8.30ന് അത്താഴ പൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതിന് ക്ഷേത്ര നട അടയ്ക്കും. 26 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. 26ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കുന്നത്.

തീർത്ഥാടകർക്ക് 25 നും 26നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല പൂജ ഉത്സവത്തിനും സമാപനമാകും.പിന്നീട് ഡിസംബര്‍ 30 ന് വൈകുന്നേരം lമകര വിളക്ക് ഉത്സവത്തിനായി ക്ഷേത്രനട വീണ്ടും തുറക്കും. ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകര വിളക്ക് ഉത്സവ കാലം. ഡിസംബര്‍ 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 ന് ആണ് മകര വിളക്ക്.

Leave a Reply

Your email address will not be published. Required fields are marked *