കുട്ടികളെ അതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ അച്ഛന്
അറസ്റ്റില്‍.ആറ്റിങ്ങല്‍ സ്വദേശി 45 കാരനായ സുനില്‍ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം പോലീസ് തേടിയിരുന്നു.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ഇയാളെ കണ്ടെത്തുന്നതിനായി സഹായം തേടിയത്. അടിക്കല്ലേ അച്ഛാ എന്ന കുഞ്ഞുങ്ങൾ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് കേൾക്കാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ പകർത്തുന്ന കുട്ടികളുടെ മാതാവിനെയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്.
വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം ആളുകൾ പ്രസ്തുത വീഡിയോ പോലീസിന് അയച്ചുനല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു.
വിഡിയോയിലുള്ള ആളിനെക്കുറിച്ച് ചിലര്‍ നല്കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായാണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സുനില്‍ കുമാറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.