Kerala

തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും; 70 ഇടങ്ങളിൽ സ്വീകരണം

ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര നാളെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.നാലുനാൾ നീളുന്ന രഥയാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുവാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.

തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥയാത്രയിൽ 70 ഇടങ്ങളിലാണ് സ്വീകരണം.കൊറോണ നിയന്ത്രണങ്ങൾ കാരണം ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്ന ഘട്ടത്തിൽ മാത്രമേ സ്വീകരണം അനുവദിക്കു. ആദ്യ ദിവസം രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും, രണ്ടാം ദിനം കോന്നി മുരുങ്ങമങ്ങലം മഹാദേവർ ക്ഷേത്രത്തിലും സംഘം വിശ്രമിക്കും. മൂന്നാം ദിവസം രാത്രി പെരുന്നാട് ശാസ്താ ക്ഷേത്രത്തിലാണ് ക്യാപ്. 25നു ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയിലെത്തും. തുടർന്ന് ശരംകുത്തിയിൽ ദേവസ്വം അധികൃതർ സംഘത്തെ ആചാരപരമായി സ്വീകരിക്കും.

സന്നിധാനത്തേക്ക് എത്തുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിന് മുന്നില്‍ വച്ച് വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് ആനയിക്കും. തുടർന്ന് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന നടക്കും. പൂജകൾ പൂർത്തിയാക്കി 26ന് രാത്രി അടയ്ക്കുന്ന ക്ഷേത്ര നട 30ന് വൈകിട്ടാണ് മകര വിളക്ക് മഹോത്സവത്തിനായി തുറക്കുക.

എന്നാൽ ഇത്തവണത്തെ ഘോഷയാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുവാനാണ് ദേവസ്വം ബോർഡ് നിർദ്ദേശം.ഘോഷയാത്രയില്‍ അനുഗമിക്കുന്നവരെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. രഥഘോഷയാത്രയെ അനുഗമിക്കുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചിട്ടുണ്ട്. ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് ആരംഭിച്ച് പമ്പയില്‍ അവസാനിക്കുന്നതു വരെ വഴി നീളെയുള്ള സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *