Kerala

‘പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല’;സംസ്ഥാന ബിജെപിയിൽ പോര് മുറുകുന്നു;സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് കത്ത്

ത‌ദ്ദേശ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതായതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിൽ പൊട്ടിത്തെറി രൂക്ഷമായി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് പക്ഷങ്ങൾ രംഗത്തെത്തി.സംസ്ഥാന നേതൃത്വത്തിനെതിരെ ഇരുപക്ഷവും ബിജെപി കേന്ദ്രനേതൃത്വത്തിന് വെവ്വേറെ കത്തയച്ചു.

ഇരു കത്തുകളിലെയും പ്രധാന ആവശ്യം കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും മാറ്റണമെന്നാണ് . തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിയും കോർകമ്മിറ്റിയും ചേർന്നില്ല. പ്രകടനപത്രിക തയ്യാറാക്കിയില്ല. സംസ്ഥാന അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുമെന്നും കത്തിൽ വിമർശനം ഉന്നയിക്കുന്നു.

ഈ രീതിയിൽ മുൻപോട്ട് പോയാൽ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടിയെന്നും മുന്നറിയിപ്പ് നൽകുന്നു. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിന്റെയും വിമർശനം.ബ്ലോക്കിലും ജില്ലാ പഞ്ചായത്തുകളിലും പാർട്ടിക്കുണ്ടായത് വലിയ തോൽവിയാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച നേട്ടത്തിന്റെ അരുകിൽ പോലും എത്തിയില്ല.പാർട്ടിയിൽ എല്ലാം സുരേന്ദ്രൻ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം. ശോഭാ സുരേന്ദ്രൻ, പിഎം വേലായുധൻ, കെപിശ്രീശൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പരിഗണിക്കുന്നതേയില്ല എന്നും ശോഭ സുരേന്ദ്രൻ വിഭാഗം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്തിൽ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *