Kerala

കണ്ണൂരിൽ യുഡിഎഫിന് മികച്ച വിജയം;സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് പ്രകടമായിരുന്നതായി സതീശന്‍ പാച്ചേനി

തദ്ദേശ സ്ഥാപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ തവണത്തെതിനേക്കാള്‍ മികച്ച വിജയം നേടാൻ കഴിഞ്ഞതായും സി.പി.എം-എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ട് പ്രകടമായി പുറത്തുവന്നതായും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇരിട്ടി നഗരസഭയിലും എസ്.ഡി.പി.ഐയുടെ നേട്ടം സി.പി.എം-എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ ഉദാഹരണമാണ്. ജില്ലയില്‍ എല്ലാവരും ഉറ്റുനോക്കിയ കോര്‍പ്പറേഷന്‍ ഭരണം സുസ്ഥിരതയോടെ നിലനിര്‍ത്താന്‍ യു.ഡി.എഫിന് സാധിച്ചു. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് മികച്ച വിജയത്തിന് സാധിച്ചു. കഴിഞ്ഞ തവണത്തെതിനേക്കാള്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ബി.ജെ.പിക്ക് സ്വാധീനമുള്ള വിജയിക്കാന്‍ സാധിക്കാത്ത പല വാര്‍ഡുകളിലും യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തി. വര്‍ഗീയത പ്രചരിപ്പിച്ചും അക്രമം നടത്തിയും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സി.പി.എം പ്രവര്‍ത്തിച്ചിരുന്നതായും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഇടത്-വലത് മുന്നണികളുടെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയില്‍ എസ്.ഡി.പി.ഐയുടെ മിന്നും വിജയമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ധീന്‍. 2 സീറ്റില്‍ നിന്ന് 13 സീറ്റിലേക്ക് പല യു.ഡി.എഫ് കോട്ടകളും തകര്‍ത്താണ് പാര്‍ട്ടി മികച്ച വിജയം നേടിയത്.

ചില സ്ഥലങ്ങളിൽ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും വോട്ട് മറിച്ച് നല്‍കി. നീര്‍വേലി, പുന്നാട്, പുറപ്പാറ, കപ്പക്കടവ് വാര്‍ഡുകള്‍ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെടാന്‍ കാരണം ഇതായിരുന്നു. യു.ഡി.എഫ് കോട്ടകളിലെ എസ്.ഡി.പി.ഐ കടന്നുകയറ്റത്തില്‍ വിറളിപൂണ്ടാണ് സതീശന്‍ പാച്ചേനി എസ്.ഡി.പി.ഐ-സി.പി.എം കൂട്ടുകെട്ടെന്ന വ്യാജ പ്രചരണം നടത്തുന്നതെന്നും എ.സി ജലാലുദ്ധീന്‍ പറഞ്ഞു .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *