Kerala

ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനം;ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 തീർത്ഥാടകർക്ക് ദര്ശനത്തിന് അനുമതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമലയിൽ എത്തുന്ന എല്ലാവർക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ശബരിമലയിലെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എണ്ണം കൂട്ടരുതെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവ്.ഈ മാസം 20 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും 5000 പേര്‍ക്ക് ദർശനം അനുവദിക്കുമെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ എണ്ണം കൂട്ടുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ശബരിമലയിൽ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കണം.തീർത്ഥാടകർ 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

മണ്ഡല മകരവിളക്ക് കാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാര്‍ക്ക് കൊറോണ ബാധിച്ചാല്‍ നട അടയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍
ഹൈകോടതിയിൽ ബോധിപ്പിച്ചു. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 10,000 ആക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിലവില്‍ വാരാന്ത്യം 3000 പേര്‍ക്കും മറ്റുള്ള ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് ശബരിമലയിൽ പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *