കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.ഇയാൾക്കൊപ്പം കുടുംബവും ഒളിവിലെന്നാണ് കൊച്ചി സെൻട്രൽ പോലീസ് പറയുന്നത്.മരണപ്പെട്ട കുമാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഫ്ലാറ്റുടമയായ അഡ്വ. ഇംതിയാസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
എറണാകുളം സെൻട്രൽ പൊലീസ് ഇംതിയാസിനെ അന്വേഷിച്ച് ഫ്ലാറ്റിൽ എത്തിയിരുന്നു. രണ്ടുദിവസമായി ഇവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സെക്യൂരിറ്റിയിൽ നിന്ന് പോലീസിന് ലഭിച്ചത്.അഭിഭാഷകനെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മുൻകൂർ ജാമ്യത്തിനുളള സാധ്യതകളും അഭിഭാഷകൻ തേടുന്നതായി സൂചനയുണ്ട്.
കൊച്ചി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടു ജോലിക്കാരിയായ തമിഴ്നാട് സ്വദേശിനി കുമാരി ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സാരികൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് കുമാരിക്ക് ഗുരുതരമായി പരിക്കേറ്റത്.
കൊച്ചി മരടിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെ കുമാരി മരിച്ചത്.തുടർ പരിശോധനയിൽ ഇവർക്ക് കോവിഡ് പോസിറ്റീവാണെന്നും വ്യക്തമായി. ഇതോടെയാണ് പോസ്റ്റുമാർട്ടം അടക്കമുളള തുടർ നടപടികൾക്ക് കാലതാമസം നേരിട്ടത്.