Kerala Special

തീര്‍ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂർത്തിയാവുന്നതിന്റെ നന്ദി പ്രകടനം;ശബരിമല ധര്‍മശാസ്താവിന് ഇഷ്ടസേവകരുടെ കര്‍പ്പൂരാഴി

ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു.ശബരിമല ധര്‍മശാസ്താവിന് ഏറ്റവും പ്രിയപ്പെട്ടതാണ് കര്‍പ്പൂരാഴി.ഭഗവാന് ഇഷ്ടസേവകര്‍ അര്‍പ്പിക്കുന്ന ദീപാഞ്ജലിയാണ് കര്‍പ്പൂരാഴി. സര്‍വ ആപത്തുകളില്‍ നിന്നും കരകയറ്റി തീര്‍ഥാടനകാലം വളരെ ഭാഗിയായി കടന്നുപോകാന്‍ സഹായിച്ചതില്‍ കരുണാമൂർത്തയോടുള്ള തീരാത്ത കടപ്പാടുമായി സന്നിധാനത്തെ ഉത്സവലഹരിയിലാഴ്ത്തി ദേവസ്വം ജീവനക്കാരും പോലീസുകാരും കര്‍പ്പൂരാഴി കൊണ്ടാടുന്നത്.

അയ്യപ്പന് അര്‍ച്ചനയായി കര്‍പ്പൂരാഴി

കര്‍പ്പൂരപ്രിയനാണ് അയ്യപ്പന്‍.ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പായി കൊടിമരച്ചുവട്ടില്‍ മണികണ്ഠസ്വാമി, മഹിഷി, കൊച്ചുകടുത്ത, വലിയകടുത്ത, കറുപ്പസ്വാമി, കറുപ്പായി അമ്മ,പന്തളം രാജാവ്, രാജ്ഞി, വെളിച്ചപ്പാട്, വാവര്, പരശുരാമന്‍, ഹനുമാന്‍, എന്നീ വേഷങ്ങള്‍ കര്‍പ്പൂരാഴി ആഘോഷത്തില്‍ അണിനിരക്കും.വാദ്യമേളങ്ങളുടെയും ദീപപ്രഭയുടെയും പുരാണവേഷങ്ങളുടെയും അകമ്പടിയോടുകൂടിയകര്‍പ്പൂരാഴി ഭക്തമനസ്സുകള്‍ക്ക് ആനന്ദഹര്‍ഷമാകുന്നു.

പുരാണ വേഷങ്ങളും വാദ്യഘോഷങ്ങളും നിറഞ്ഞ് ഘോഷയാത്ര

കര്‍പ്പൂരാഴി ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തെളിയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.കര്‍പ്പൂര ദീപം കത്തിച്ച് അവര്‍ ആനന്ദനൃത്തം ചെയ്യുന്നു.കാട്ടിലകളും കാട്ടുകമ്പുകളും ഉപയോഗിച്ച് കാനനഭംഗിയുടെ പരിഛേദമുണ്ടാക്കി, അതിനുള്ളില്‍ സാക്ഷാൽ അയ്യപ്പനെയും എടുത്തു നീങ്ങുന്ന കാഴ്ച ആനന്ദദായകമാണ്. കര്‍പ്പൂരാരതിയും ശബരിമല അയ്യപ്പന് ഏറെ പ്രിയങ്കരമാണ്.

ഭക്തിസാന്ദ്രമായി ശബരിമല

കര്‍പ്പൂര ശബ്ദത്തിന്റെ അര്‍ഥം സന്തോഷത്തെ വര്‍ധിപ്പിക്കുന്നത് എന്നാണ്. ഭഗവാന്റെ വിഗ്രഹത്തിൽ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടു തൊഴുതു ശരണം വിളിച്ചാണ് ഭക്തര്‍ മാലയിടുന്നത്.കൂടാതെ ശബരിമയിലേക്ക് വരുന്ന തീർത്ഥാടകർ ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു. വിഘ്‌നങ്ങളകലാന്‍ തേങ്ങയുടച്ച് അയ്യനെകാണാൻ പുറപ്പെടുന്ന അയ്യപ്പന്മാര്‍ തീര്‍ഥാടന വഴികളിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചു നമസ്‌കരിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *