Kerala

കണ്ണൂരിൽ കോവിഡ് വാക്‌സിനെടുക്കാൻ കുട്ടികൾക്ക് വിമുഖത

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സീനെടുക്കാൻ കുട്ടികൾക്കു വിമുഖത.15 മുതൽ 18 വരെ പ്രായക്കാരായ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനായി ഒരാഴ്ച നീണ്ടു നിന്ന സ്പെഷൽ ഡ്രൈവുകൾ നടത്തിയിട്ടും ജില്ലയിൽ ഇതുവരെ വാക്സീൻ സ്വീകരിച്ചത് 60 ശതമാനത്തോളം കുട്ടികൾ മാത്രം.

ഇന്നലത്തോടെ കണ്ണൂർ ജില്ലയിലെ അർഹരായ 1.25 ലക്ഷം വിദ്യാർഥികൾക്കും ആദ്യ ഡോസ് വാക്സീൻ വിതരണം പൂർത്തിയാക്കുകയെന്നതായിരുന്നു ആരോഗ്യ വകുപ്പ് അധികൃതർ ലക്ഷ്യം വെച്ചിരുന്നത്. ഇതിനായി കഴിഞ്ഞ 3 മുതൽ പ്രത്യേക സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു.

അസുഖം മൂലം വാക്സിനേഷനിൽ നിന്നു മാറി നിൽക്കുന്ന കുറച്ച കുട്ടികൾ മാത്രമാണ് ജില്ലയിൽ ഉള്ളത്. എന്നാൽ കോവാക്സിൻ സ്വീകരിച്ചാൽ ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ കഴിയുമോ എന്ന സംശയത്താൽ വാക്സീൻ വേണ്ടെന്നു വയ്ക്കുന്ന കുട്ടികളുമുണ്ട്. മതപരമായ കാരണങ്ങളാലും മറ്റു കാരണങ്ങളാലും വാക്സീൻ എടുക്കാത്തവരുമുണ്ട്.

ഭാവിയിൽ പരീക്ഷകൾക്കോ മറ്റോ വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ഇതു കുട്ടികൾക്കു വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കുട്ടികൾക്കായി കഴിഞ്ഞ 3 മുതൽ നടത്തിവന്ന സ്പെഷൽ വാക്സിനേഷൻ യജ്ഞം ഇന്നത്തോടെ അവസാനിപ്പിക്കും.ഈ അവസരം മാതാപിതാക്കളും സ്കൂൾ അധികൃതരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.തെറ്റിദ്ധാരണകൾ മാറ്റി മാതാപിതാക്കളും സ്കൂൾ അധികൃതരും വിദ്യാർഥികളെ വാക്സീൻ കേന്ദ്രങ്ങളിലെത്തിച്ചാൽ മാത്രമേ കുട്ടികളുടെ വാക്സിനേഷൻ കണ്ണൂർ ജില്ലയിൽ പൂർത്തിയാക്കാനാകൂ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *