Kerala

ശബരിമലയിലെ നിയന്ത്രണം നീക്കി; മകരവിളക്കിന് എത്ര പേരെത്തിയാലും കയറ്റിവിടും

മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി.ഇനി മകരവിളക്ക് ദർശനത്തിന് എത്ര തീർത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട് കാനനപാത വഴിയുള്ള തീർത്ഥാടനം ഇത്തവണ വേണ്ടെന്ന് വച്ചു.

സന്നിധാനത്ത് വെർച്ചൽ ക്യൂവഴി 60000, സ്പോട് ബുക്കിംഗ് വഴി 10000 എന്നിങ്ങനെ 70000 പേർക്കാണ് ഇപ്പോൾ വരാൻ അനുമതിയുള്ളത്. എന്നാൽ മകരവിളക്കിനോട് അനുബന്ധിച്ച് ഈ നിയന്ത്രണം മാറ്റാനും തീരുമാനമായി. സന്നിധാനത്തിന് പുറമേ പമ്പ ഹിൽ ടോപ്പ് അടക്കമുള്ള സ്ഥലങ്ങളും മകരവിളക്കിനൊരുങ്ങുകയാണ്. ഹിൽ ടോപ്പിൽ 5000 പേർക്കാണ് സൗകര്യമൊരുക്കുന്നത്.

11 ആണ് എരുമേലി പേട്ട തുള്ളൽ, അതിന് ശേഷം തീർത്ഥാടകർ പമ്പാ സദ്യയും കഴിഞ്ഞ് ഉടൻ മല കയറും അവർ സന്നിധാനത്ത് തങ്ങും. 12ന് തുടങ്ങുന്ന തിരുവാഭാരണഘോഷയാത്ര പതിവ് വഴിയിലൂടെയാകും കടന്ന് പോകുക.നിലവിൽ ആന്ധ്രയിൽ നിന്നാണ് എറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിലേക്ക് എത്തുന്നത്.

മകരവിളക്കിന് ശേഷം കേരളത്തിൽ നിന്നുള്ള കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. പമ്പ ത്രിവേണി സ്നന സരസിൽ വെള്ളം ഉറപ്പാക്കാൻ നാളെ കുള്ളാർ ഡാം തുറന്ന് വിടാനും തീരുമാനിച്ചു.

അതേസമയം, മണ്ഡല-മകരവിളക്ക് സീസണിൽ ഇതുവരെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു.ഇതുവരെ 110 കോടിയോളം രൂപ വരുമാനമായും ലഭിച്ചു. മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ഡിസംബർ 30ന് ശേഷം ഇതുവരെ 25.18 കോടി രൂപ ലഭിച്ചു. അരവണ വില്പനയിലൂടെ ഏഴരക്കോടിയും അപ്പം വിറ്റ് 80 ലക്ഷവും കാണിക്കയായി 9.25 കോടിയും ലഭിച്ചു. മണ്ഡലപൂജവരെയുള്ള കാലയളവിൽ 84.93 കോടി രൂപയായിരുന്നു വരുമാനം. മകരവിളക്കിന് ആറ് നാൾമാത്രം ശേഷിക്കെ സന്നിധാനത്ത് തിരക്കേറുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *