കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പൊലീസ് വിനയത്തോടെ പെരുമാറണം. എന്താണ് സംഭവിച്ചതെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടയെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
കോവളത്തു നടന്നതു തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. അതിന് പിന്നാലെയാണ് അത്തരം ഒറ്റപ്പെട്ട് സംഭവം പോലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് മുന്നറിയിപ്പ്് നൽകിയത്. സംസ്ഥാനത്തു പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരൻ മന്ത്രി ശിവൻകുട്ടിയെ കണ്ടു.
സംഭവത്തിൽ, കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡു ചെയ്തിരുന്നു. ഡിജിപി അനിൽകാന്തിന്റെ നിർദേശത്തിലാണു നടപടി. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. പൊലീസ് നടപടിയെ വിമർശിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബെവ്കോ മദ്യവിൽപന കേന്ദ്രത്തിൽനിന്നു അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരൻ സ്റ്റീവനെ ബിൽ ചോദിച്ച് പൊലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാൻ പൊലീസ് അനുവദിച്ചു.