Kerala

ശബരിമലയിൽ കഴിഞ്ഞ വർഷം 82.70 കോടി,ഇത്തവണ 4.07 കോടി മാത്രം; ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നശേഷം ഇതുവരെ നടവരവായി ലഭിച്ചത് 4.07 കോടി രൂപ മാത്രം. കഴിഞ്ഞ മണ്ഡല കാലത്ത് ലഭിച്ച വരുമാനത്തിന്റെ അഞ്ച്‌ ശതമാനംപോലുമില്ലിത്.

4,07,36,383 രൂപയാണ് കഴിഞ്ഞ ദിവസം വരെ ശബരിമയിലെ ടവരവ്. കാണിക്ക, അപ്പം, അരവണ തുടങ്ങിയവയിൽ നിന്ന് ലഭിച്ചതാണിത്.എന്നാൽ കഴിഞ്ഞ സീസണിൽ ഇതേ ദിവസംവരെയുള്ള വരവ് 82,70,00,000 രൂപയായിരുന്നു. നട തുറന്ന നവംബർ 16 മുതൽ ഡിസംബർ എട്ടുവരെ എകദേശം 34,000 പേർ മാത്രമാണ് ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ വഴി ദർശനം നടത്തിയത്.

മണ്ഡലകാലം ആരംഭിച്ച് ഡിസംബർ രണ്ടുവരെ, തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസം 1000 പേർ വീതവും ശനി, ഞായർ ദിവസങ്ങളിൽ 2,000 പേർ വീതവുമാണ് ദർശനം നടത്തിയത്.തുടർന്ന് ദേവസ്വം ബോർഡിൻറെ ആവശ്യപ്രകാരം ഡിസംബർ മൂന്നുമുതൽ ഇത് യഥാക്രമം 2000, 3000 എന്നിങ്ങനെ വർധിപ്പിച്ചു. 115-നുശേഷം ചേരുന്ന അടുത്ത അവലോകനയോഗത്തിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്, സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ സന്നിധാനത്ത് 17 പേർക്ക് കൊറോണ സ്ഥിരീകരിച്ചത് ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ ഇന്നത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബോർഡിനെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

അതേസമയം, കൊറോണ വ്യാപനം കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും തങ്ങുന്ന ജീവനക്കാരില്‍ കൊറോണ പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കൊറോണ രോഗബാധ സ്ഥിരികരിച്ചവരില്‍ ദേവസ്വംബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *