തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വർധന സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. പണിമുടക്കിൽ നിന്ന് പിൻമാറണെന്ന് സംഘടനകളോട് മന്ത്രി അഭ്യർത്ഥിക്കുന്നു.ഇതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.
ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിരുന്നില്ല.
ബസ് ഉടമകളും നിരക്ക് ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.