Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾക്കെതിരായ പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്ക് നോട്ടീസയക്കാൻ നിർദ്ദേശം നൽകി. കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ, നടൻ ദിലീപ് എന്നിവരുൾപ്പെടെ 10 എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനാണ് കോടതി നിർദ്ദേശം. കേസ് ജനുവരി ആറിന് പരിഗണിക്കും.

വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു. പ്രതികളുടെ ഫോൺരേഖകളുടെ ഒറിജിനൽ പകർപ്പ് വരുത്തണമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചില്ല. സാക്ഷികളുടെ പുനർവിസ്താരത്തിനും കോടതി അനുമതി നൽകിയില്ല.

നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയിൽ ഏഴു പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. മൂന്ന് പേരുടെ പുനർവിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത്. ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *