തിരുവനന്തപുരം: ആരുടേയും മുഖം നോക്കാതെ പറയണ്ട കാര്യങ്ങൾ വ്യക്തമായും കൃത്യമായും അവതരിപ്പിക്കുന്ന വ്യക്തിയായിരുന്നു പി ടി തോമസ്.സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന പി ടി തോമസ് നിയമസഭാ ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ്. മുഖ്യമന്ത്രിയും പി ടി തോമസും തമ്മിലെ നേർക്കുനേർ പോര് എന്നും സഭാ തലത്തെ ഇളക്കിമറിച്ചിരുന്നു. പിണറായിയെ ലക്ഷ്യമിടുമ്പോൾ സഭയിൽ എന്നും പ്രതിപക്ഷത്തിന്റെ ശക്തമായ നാവായിരുന്നു പിടി.
യുവതുർക്കികളും അതികായരും അടങ്ങുന്ന പ്രതിപക്ഷനിരയിൽ ചൂടൻ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ദൗത്യം എന്നും യുഡിഎഫ് ഏല്‍പ്പിച്ചത് പിടിയെന്ന പോരാളിയെ ആയിരുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും മുൾമുനയിൽ നിർത്താനുള്ള അവസരങ്ങളിലെല്ലാം കണ്ടത് 70 ലും ഉള്ളിൽ കെഎസ്യു സ്പിരിറ്റ് അണയാത്ത പിടി തോമസിനെയാണ്.
സ്വർണ്ണക്കടത്ത്, മരംമുറി ,ലാവലിൻ, മോൺസൺ കേസടക്കം പിടി തൊടുത്തുവിട്ടത് നിരവധി അടിയന്തിര പ്രമേയ നോട്ടീസ് പ്രസംഗങ്ങളാണ്. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എന്നും മികച്ച പാഠപുസ്തകമാണ് പി ടി. നന്നായി ഗൃഹപാഠം ചെയ്ത് മാത്രമേ പിടി സഭാകവാടം കയറി എത്തുമായിരുന്നുള്ളൂ. രാവിലെ എത്തിയാൽ വൈകീട്ട് വരെ നടപടിക്രമങ്ങളിലെല്ലാം സജീവമായി പങ്കെടുത്തു. അവസരം കിട്ടുമ്പോോഴെക്കെ എതിരാളികളെ പ്രതിക്കൂട്ടിൽ നിർത്തി. ജനകീയവിഷയങ്ങൾ സഭക്കുള്ളിൽ അവതരിപ്പിച്ചു പോയിരുന്ന വേറിട്ട ഫയർ ബ്രാൻഡ് പ്രതിനിധിയാണ് വിടവാങ്ങിയത്.