ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിൽ പരസ്യ പ്രതിഷേധം നടത്തി സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയ പി എൻ ബാലകൃഷ്ണനെ സി പി എം പുറത്താക്കും. കഴിഞ്ഞ ദിവസം നടന്ന ജില്ല കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിലിരിക്കെയാണ് പി എൻ.ബാലകൃഷ്ണൻ പ്രതിഷേധവുമായി ഇറങ്ങി പോയത്. അകാരണമായി എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും തന്നെ ഒഴിവാക്കുന്നുവെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപോയത്. പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുളളവരോട് തന്റെ അംഗത്വവും ഇല്ലാതാക്കിയേക്കു എന്നു പറഞ്ഞാണ് ബാലകൃഷ്ണൻ സമ്മേളനം ബഹിഷ്കരിച്ചത്.
പുറമേ ശാന്തമായിരുന്ന എറണാകുളം ജില്ലയിലെ പതിനാറ് ഏരിയാ സമ്മേളനങ്ങളിലും മത്സരമില്ലാതെ സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനായി എന്ന തിളക്കത്തിനാണ് പി എൻ ബാലകൃഷ്ണന്റെ പ്രതിഷേധത്തോടെ മങ്ങലേറ്റിരിക്കുന്നത്. പാർട്ടിയിൽ അച്ചടക്കത്തിന് പരമപ്രാധാന്യം കൽപ്പിക്കുന്നതിനാൽ ബാലകൃഷ്ണനെ ഔദ്യോഗീകമായി പാർട്ടി പുറത്താക്കുവാനാണ് സാദ്ധ്യത. പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പഴയ ആളുകൾ ഒഴിവായാൽ മാത്രമേ പുതിയ ആളുകൾക്ക് വരാൻ കഴിയുകയുള്ളൂ എന്നാണ് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മറുപടി പറഞ്ഞത്.
എന്നാൽ നെറികേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയതാണ് തന്നെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് സി.പി.എം മുൻ ജില്ലാ കമ്മറ്റിയംഗവും കവളങ്ങാട് മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന പി.എൻ. ബാലകൃഷ്ണൻ പിന്നീട് പ്രതികരിച്ചിരുന്നു.മെമ്പർഷിപ്പിൽ നിന്നൊഴിവാക്കണമെന്ന് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.