Health Kerala

ഡെങ്കിപ്പനി: ജാഗ്രതയും പ്രതിരോധവും

കോവിഡ് വ്യാപനത്തിനൊപ്പം സംസ്ഥനത്ത് ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോർട്ടുകൾ.കാലാവസ്ഥാമാറ്റങ്ങൾ, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന രീതി, ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ, കൊതുകിന്റെ പ്രജനന കേന്ദ്രങ്ങളിലുണ്ടായിട്ടുള്ള വർധന, വർധിച്ചു വരുന്ന മാലിന്യ പ്രശ്‌നങ്ങൾ, മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയമായ സംവിധാനമില്ലായ്മ തുടങ്ങിയവയാണു രോഗ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങൾ.

ലക്ഷണങ്ങൾ:

പെട്ടെന്നുള്ള പനി, കഠിനമായ തലവേദന, കണ്ണുകൾക്കു പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണു രോഗം പരത്തുന്നത്. കൊതുകുകളെ അകറ്റി നിർത്താം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ കൊതുകു മുട്ടയിടാൻ സാധ്യതയുള്ള ചിരട്ട, ടയർ, കുപ്പി, ഉപയോഗശൂന്യമായ പാത്രങ്ങൾ, വെള്ളം കെട്ടി നിൽക്കാനിടയുള്ള മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്‌കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.
∙ ഫ്രിജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വയ്ക്കുന്ന പാത്രം, പൂക്കൾ/ചെടികൾ എന്നിവയിടുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഊറ്റിക്കളയുക.
∙ ജലം സംഭരിക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുകു കടക്കാത്ത വിധം മൂടുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ സാധാരണ തുണിയോ ഉപയോഗിക്കാം. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞു ഉൾവശം ഉരച്ചുകഴുകി ഉണക്കിയ ശേഷം വീണ്ടും നിറയ്ക്കുക.

∙ മരപ്പൊത്തുകൾ മണ്ണിട്ടു മൂടുക. വാഴപ്പോളകളിലും പൈനാപ്പിൾ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക.
∙ എലി, അണ്ണാൻ മുതലായ ജന്തുക്കൾ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കൾ എന്നിവ നശിപ്പിക്കുക.
∙ റബർ തോട്ടങ്ങളിൽ റബർപാൽ ശേഖരിക്കുവാൻ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവയ്ക്കുക.
∙ അടയ്ക്കാ തോട്ടങ്ങളിൽ വീണു കിടക്കുന്ന പാളയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക.

∙ ടയർ ഡിപ്പോകളിലും ഗാരിജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകൾ വെള്ളം വീഴാത്ത സ്ഥലത്തേക്കു മാറ്റുക.
∙ ഉപയോഗശൂന്യമായ ടയറുകളിൽ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
∙ മുളംകുറ്റികൾ വെള്ളം കെട്ടിനിൽക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയിൽ മണ്ണിട്ടു മൂടുകയോ ചെയ്യുക.
∙ ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക.

∙ മഴക്കാലത്തു ടെറസിനു മുകളിലും സൺഷേഡിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
∙ വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടു മൂടുക. അല്ലെങ്കിൽ ചാൽ കീറി വെള്ളം വറ്റിച്ചുകളയുക.
∙ ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളിൽ നീക്കം ചെയ്യുക.

∙ വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികൾ, ചപ്പുചവറുകൾ എന്നിവ നീക്കം ചെയ്യുക.
∙ ഈഡിസ് കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയിൽ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഉത്തമം.
∙ ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ജനൽ, വാതിൽ, വെന്റിലേറ്റർ മുതലായവയിൽ കൊതുക് കടക്കാതെ വല ഘടിപ്പിക്കുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *