പലരും നേരിടുന്ന പ്രധാന രോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയുന്നത്.പ്ലേറ്റ്ലറ്റുകൾ രക്തത്തിലെ ഒരു പ്രധാനഘടകമാണ്.അവയുടെ കൗണ്ട് കുറഞ്ഞാല് അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക.പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാൻ കഴിയുകയുള്ളു. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.
മാതളം
ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള കഴിവും ഉള്ള മാതളം പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും.ജ്യൂസ് ആക്കി മാതളം കുടിക്കുക. കൂടാതെ സാലഡിലോ സ്മൂത്തിയിലോ ചേർത്തോ, പ്രഭാതഭക്ഷണമായോ കഴിക്കാം.
പപ്പായയും പപ്പായ ഇലയും
പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസം രണ്ടു നേരം കുടിക്കുക. ഇതോടൊപ്പം പപ്പായപ്പഴവും കഴിക്കാം. പപ്പായ ഇല കഴിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടാം.
മത്തങ്ങ
വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. അരഗ്ലാസ് മത്തങ്ങ ജ്യൂസിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.
ഇലക്കറികൾ
പച്ചച്ചീര, ഉലുവ തുടങ്ങി ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം.
ബീറ്റ്റൂട്ടും കാരറ്റും
വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്.കാരറ്റും ബീറ്റ് റൂട്ടും ആഴ്ചയിൽ രണ്ടു തവണ വീതം കഴിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡിൽ ചേർത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം.
നെല്ലിക്ക
രോഗപ്രതിരോധശക്തി കൂട്ടാനും പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാനും മികച്ചത്. ദിവസം മൂന്നോ നാലോ നെല്ലിക്ക വീതം വെറും വയറ്റിൽ കഴിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ തേൻ ചേർത്തും ഉപയോഗിക്കാം. ഇത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.