Cinema

‘ഞാന്‍ കരയുന്നത് കണ്ട് ചിരിച്ചവരുടെ സന്ദേശങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജം വലുതാണ്’; ജോയ് മാത്യു

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ചിത്രമാണ് ‘കനകം കാമിനി കലഹം’ . ഒരിടവേളക്ക് ശേഷം കോമഡി ട്രാക്കില്‍ കഥ പറഞ്ഞ ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് നടന്‍ ജോയ് മാത്യു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന സന്ദേശങ്ങൾ ഒരു നടൻ എന്ന നിലയിൽ തനിക്ക് നൽകുന്ന ഊർജ്ജം വലുതാണെന്ന് ജോയ് മാത്യു പറയുന്നു. ലൈംഗിക ചുവയും ദ്വയാർത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാർത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും ജോയ് മാത്യു കുറിച്ചു.ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ വാക്കുകൾ

ചില കൈപ്പുണ്യങ്ങൾ

കഠിനമായ കൊറോണക്കാലത്ത് മുപ്പത് ദിവസം ഒരേ ഹോട്ടലിൽ ഒരേ മുറിയിൽ ഒരുമിച്ചു താമസിച്ചു സൃഷ്ടിച്ചെടുത്ത ഒരു കലാസൃഷ്ടിയുടെ ആരംഭത്തിനു വിളക്ക് കൊളുത്തുവാൻ നിർമാതാവും നായകനുമായ നിവിൻ പൊളിയും രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിർബന്ധിച്ചപ്പോൾ ഞാനാ കടുംകൈ ചെയ്തു -തുടർന്നുള്ള ഓരോ ദിവസങ്ങളിലും ചിത്രീകരണത്തിലേ പുരോഗതിയും സംവിധായകന്റെ സർഗ്ഗാത്മകതയും സഹപ്രവർത്തകരുടെ ആവേശവും കണ്ടറിഞ്ഞപ്പോൾ എനിക്കുറപ്പായി ഇത് കാലത്തെ കവച്ചുവെക്കുന്ന ഒരു സൃഷ്ടിയായിരിക്കുമെന്ന് -ഇപ്പോഴിതാ ദിവസവും സന്ദേശങ്ങൾ വരുന്നു ,അധികവും ഞാൻ കരയുന്നത്കണ്ടു ചിരിച്ചവർ അയക്കുന്നതാണ് – ഒരു നടൻ എന്ന നിലയിൽ അത് എനിക്ക് നൽകുന്ന ഊർജ്ജം വലുതാണ് -ലൈംഗിക ചുവയും ദ്വയാർത്ഥ പ്രയോഗങ്ങളുമാണ് കോമഡി എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിച്ചിരുന്ന പ്രേക്ഷകരെ യഥാർത്ഥ കോമഡിയും ദാമ്പത്യ ജീവിതത്തിലെ യാഥാര്ഥ്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ്സിക് ആയി മാറി കനകം കാമിനി കലഹം എന്നാണ് ദിവസവും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ച നിവിൻ പോളിക്കും സംവിധായകൻ രതീഷിനും സഹപ്രവർത്തകർക്കും ഛായാഗ്രാഹകൻ വിനോദ് ഇല്ലം പള്ളിക്കും മറ്റു എല്ലാ അണിയറശില്പികൾക്കും നന്ദി .പറഞ്ഞുവന്നത് എന്റെ കൈപ്പുണ്യത്തെ ക്കുറിച്ചാണ് ,ഞാൻ ദീപം കൊളുത്തിയത് കൊണ്ടാണത്രേ സിനിമ വൻ ഹിറ്റായത് എന്ന് ഞാൻ തന്നെ പ്രചരിപ്പിക്കുന്നുമുണ്ട് .അതിനാൽ പ്രിയപ്പെട്ടവരെ ഇത് ഒരന്ധവിശ്വാസമാക്കി പ്രചരിപ്പിച്ച് എന്നെ ഇനിയും ഭദ്രദീപം കൊളുത്തുവാൻ വിളിക്കുക. പ്രതിഫലം ആരും കാണാതെ പോക്കറ്റിലിട്ടു തന്നാൽ നിങ്ങൾക്ക്. വിജയം ഉറപ്പ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *