ഡോ.പ്രഗഭൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മഡ്ഡി.ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമ കൂടിയാണിത്.ഇപ്പോഴിതാ ആവേശം ഉണർത്തി മഡ്ഡിയുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, ആസിഫ് അലി, സിജു വിൽസൺ, അമിത് ചക്കാലക്കൽ എന്നീ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
ചിത്രം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോർ സ്പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ വളരെ അപൂർവമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്.
പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് ചിത്രം നിർമിക്കുന്നത്. ബഹുഭാഷ ചിത്രമായ മഡ്ഡിയിൽ നായക, നായിക കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.